കോഴിക്കോട്: ‘മോനേ രവീന്ദ്രാ പാലു കുടിക്ക് മോനേ.. പാലു കുടിച്ചോളൂ കുഞ്ഞാ.. വാ.. വാ.. വോ.. രവീന്ദ്രാ മോനേ.. വാവാവോ.. രവീന്ദ്രാ മോനേ കരയല്ലേ.. പാലു കുടിക്കൂ… ‘ സി എം രവീന്ദ്രനെ കുഞ്ഞുവാവയായി ചിത്രീകരിച്ച് പ്രതീകാത്മകമായി പാല് കൊടുത്ത് മഹിളാ മോർച്ച പ്രവർത്തകർ. പാവക്കുട്ടിയെ മടിയിൽ വച്ചാണ് പാലു കൊടുത്തത്. ചെവിയിൽ രവീന്ദ്രൻ എന്ന പേര് വിളിച്ച് ഹാസ്യാവിഷ്‌ക്കാരവും നടത്തി.
വർധിക്കുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഡ്‌സൻ കോർണറിൽ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു പാല് നൽകൽ. പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവൻ ഉദ്ഘാടനം ചെയ്തു.
ആറു വർഷം കൊണ്ട് സ്ത്രീ പീഡന കേസുകൾ 98000 ത്തിൽ എത്തിയത് പാലു കുടിയൻ രവീന്ദ്രന്മാരെ സർക്കാർ സംരക്ഷിക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അസാന്മാർഗിക പ്രവർത്തികളൂടെ കേന്ദ്രബിന്ദുവായി മാറി.
എനക്കറിയില്ല എന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഇനി ഒഴിയാനാവില്ല. ശിവശങ്കരനും സ്വപ്നക്കും സ്വകാര്യ വേളകളിൽ പറഞ്ഞു ചിരിക്കാനുള്ള തമാശ കഥാപാത്രമായിരുന്നു മുഖ്യമന്ത്രിയെന്ന് നേരത്തെ ഒരു ചാറ്റിൽ പുറത്തുവന്നിരന്നു.
ഇപ്പോൾ കറുപ്പു കണ്ടാൽ പേടിയുള്ള ആളെന്ന പേരും വീണു. ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടന്നതിൽ മുഖ്യമന്ത്രി ജനങ്ങളോട് നിരപാധികം മാപ്പു പറയണമെന്നും സജീവൻ ആവശ്യപ്പെട്ടു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി രമണിഭായി, ജില്ലാ വൈസ് പ്രസിഡന്റ് കെ പി വിജയലക്ഷ്മി, മഹിളാമോർച്ച നേതാക്കളായ അഡ്വ. എ കെ സുപ്രിയ, സി കെ ലീല, ശോഭാ സുരേന്ദ്രൻ, ശ്രീജ സി നായർ, സോമിത ശശികുമാർ, സഗിജ കോട്ടൂർ, ശോഭാ സദാനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.