37.2 C
Kottayam
Saturday, April 27, 2024

തിരുവല്ലയിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയ മത്സ്യം ‘മഹാബലി’,അതൃപൂര്‍വ്വയിനമെന്ന് ഗവേഷകര്‍

Must read

കൊച്ചി: കേരളത്തില്‍ നിന്നും അത്യപൂര്‍വ്വയിനത്തില്‍പ്പെട്ട ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി.നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴ്സസ് (എന്‍.ബി.എഫ്.ജി.ആര്‍.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് പുതിയയിനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്. വരാല്‍ വിഭാഗത്തില്‍പെട്ട ഈ മത്സ്യത്തിന് ‘എനിഗ്മചന്ന മഹാബലി’ എന്നാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം.

ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോട് കൂടിയതാണ് ഈ ചെറിയ മത്സ്യം. തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഇത് ലഭിച്ചത്. ഗവേഷകര്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഭൂഗര്‍ഭവരാല്‍ ഇനത്തിലെ ലോകത്ത് തന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്.

എന്‍.ബി.എഫ്.ജി.ആറിലെ ഗവേഷകനായ രാഹുല്‍ ജി കുമാറിന്റെ നേതൃത്വത്തിലെ ഗവേഷക സംഘമാണ് ഇത് കണ്ടെത്തിയത്. നേരത്തെ, മലപ്പുറം ജില്ലയില്‍ നിന്നും ഇതിന് സമാനമായ ഒരു മത്സ്യം കണ്ടെത്തിയിരുന്നു. ലോകത്താകമാനം ഭൂഗര്‍ഭജലാശയങ്ങളില്‍ നിന്ന് 250 ഇനം മത്സ്യങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

ഇതില്‍ ഏഴ് മത്സ്യങ്ങള്‍ കേരളത്തിലാണുള്ളത്. ഇന്ത്യയില്‍, ഭൂഗര്‍ഭ ജലാശയ മത്സ്യവൈവിധ്യങ്ങളുടെ പ്രഭവ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഇത്തരം മത്സ്യയിനങ്ങള്‍ കണ്ടെത്താന്‍ ഇനിയും സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.

ഭൂഗര്‍ഭമത്സ്യങ്ങളുടെ സാന്നിധ്യം ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരമാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ട് ശുദ്ധജല ലഭ്യത നിലനിര്‍ത്തുന്നത് ഇത്തരം മത്സ്യങ്ങളെ സംരക്ഷിക്കേണ്ടതിന് അനിവാര്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. കേരളത്തില്‍ 300ലധികം ശുദ്ധജലമത്സ്യങ്ങളുണ്ട്. ഇതില്‍ മൂന്നിലൊരു ഭാഗം തദ്ദേശീയ മത്സ്യങ്ങളാണ്. എന്നാല്‍, ഭൂഗര്‍ഭജലാശലയങ്ങളില്‍ കണ്ടെത്തപ്പെടാതെ ഇനിയും മത്സ്യങ്ങളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week