കളമശേരി: നാഡീതന്തു ഉത്പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈന് ആണ് സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങള്‍ നിര്‍ണയിക്കുന്നത്. ഇതിന്റെ അളവ് നിര്‍ണയിക്കാന്‍ കഴിയുന്ന ‘ഡോപ്പാമീറ്റര്‍’ എന്ന സെന്‍സര്‍ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കുസാറ്റ് ഗവേഷക ഡോ. ശാലിനി മേനോന്.
പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ്, സ്കീസോഫ്രീനിയ, വിഷാദം തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കല്‍ രോഗങ്ങളുടെ ചികിത്സാരംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ ഈ കണ്ടുപിടിത്തം സഹായിക്കുമെന്നു വിലയിരുത്തപ്പെടുന്നു. ചെലവുകുറഞ്ഞതും കൊണ്ടുനടക്കാന്‍ കഴിയുന്നതുമായ ‘ഡോപ്പാമീറ്റര്‍’ പോയിന്റ് ഓഫ് കെയര്‍ രോഗനിര്‍ണയ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോഗിക്കാം. പരിശോധനയ്ക്കായി സാമ്പിളിന്റെ ഒരു തുള്ളി മാത്രം മതി. പെട്ടെന്നുതന്നെ ഫലം ലഭിക്കും.
പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നു കുസാറ്റിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ റിസര്‍ച്ച് അസോസിയേറ്റായ ഡോ. ശാലിനി മേനോന് പറഞ്ഞു. സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ. ഗിരീഷ് കുമാറിന്റെ മാര്‍ഗനിര്‍ദ്ദേശവും കോഴിക്കോടുള്ള ‘പ്രോച്ചിപ്പ് ടെക്നോളജി’ എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ സഹകരണവും ശാലിനി മേനോന് ലഭിച്ചിരുന്നു.