സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍?; കൊവിഡ് അവലോകനയോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. കൊവിഡ് അവലോകനയോഗം ഇന്ന് ചേരും. അവലോകന യോഗശേഷം തീരുമാനങ്ങള്‍ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ ചേരാനിരുന്ന അവലോകനയോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ അവലോകന യോഗത്തില്‍ പരിഗണിക്കും.

ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടി ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കുന്നതാണ് പരിഗണയിലുള്ളത്. ബാറുകള്‍ തുറക്കുന്ന കാര്യത്തിലും അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. മ്യൂസിയങ്ങള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ചകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബയോ മെട്രിക് പഞ്ചിംഗ് ഉണ്ടാവില്ല. സംസ്ഥാന മന്ത്രിസഭായോഗവും ഇന്ന് ചേരും. കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഭക്ഷ്യ കിറ്റ് നല്‍കുന്നത് തുടരണോ എന്നതിലും തീരുമാനമെടുത്തേക്കും. നൂറുദിന കര്‍മ്മ പരിപാടികളുടെ പുരോഗതിയും മന്ത്രിസഭായോഗം വിലയിരുത്തും.

കേരളത്തില്‍ ഇന്നലെ 15,876 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,75,668 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,46,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,877 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1823 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,98,865 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.