കൊച്ചി:മുട്ടില്‍ മരംമുറി കേസ് പ്രതികള്‍ക്കെതിരെ പരാതി നല്‍കി റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി എം.വി. നികേഷ് കുമാര്‍. കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരെയാണ് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്
പ്രതികള്‍ റിപ്പോര്‍ട്ടല്‍ ചാനലിന്റെ ഓഫീസില്‍ സൂക്ഷിച്ച ഇവരുടെ സാധനസാമഗ്രികള്‍ നീക്കം ചെയ്യാനുള്ള നടപടികളാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി പ്രകാരം ഉദ്യോഗസ്ഥര്‍ ഇരുവരെയും ബന്ധപ്പെട്ടെങ്കിലും ഹൈക്കോടതിയില്‍ കേസുമായി ബന്ധപ്പെട്ട തിരക്കിലാണെന്നായിരുന്നു മറുപടി.
റിപ്പോര്‍ട്ടര്‍ ചാനലില്‍ റോജി അഗസ്റ്റിന് ഓഹരി പങ്കാളിത്തമുള്ള കാര്യം വനം വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ മുട്ടില്‍ മരംമുറി കേസില്‍ റോജിയെയും ആന്റോയെയും അറസ്റ്റ് ചെയ്യാന്‍ വനം വകുപ്പ് ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.
ചാനലിന്റെ മറവില്‍ ഇരുവരും അറസ്റ്റ് ഒഴിവാക്കുകയാണ് എന്നായിരുന്നു ആരോപണം. ഒടുവില്‍ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.2016 നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ചിഹ്നത്തില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചയാളാണ് നികേഷ് കുമാര്‍.
നേരത്തെ മരം മുറി വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടത്തിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാനും, മരം മുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായുള്ള ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു.
കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജനും തമ്മില്‍ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകളാണെന്നും ദീപക് ധര്‍മ്മടവും ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണ വിളിച്ചെന്നും വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്.
മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. സമീറിനെ കള്ളക്കേസില്‍ കടുക്കാന്‍ സാജനും ആന്റോ അഗസ്റ്റിനും ദീപക് ധര്‍മടവും ചേര്‍ന്ന് ഒരു സംഘമായി പ്രവര്‍ത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം കേസില്‍ ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകന് സര്‍ക്കാരിന്റെ സംരക്ഷണം ഉണ്ടാവില്ലെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍ പറഞ്ഞിട്ടുണ്ട്.