കാബൂൾ വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം
കാബൂൾ:അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം. യു.എസ്. സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിനുള്ളിൽ യു.എസിന്റെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
13 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. ഇവിടെ നിന്നുള്ളതെന്ന് കരുതപ്പെടുന്ന നിരവധി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ വിശദമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സ്ഫോടനത്തിൽ 13 പേർ മരിച്ചതായും മൂന്ന് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്
വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനടുത്താണ് സ്ഫോടനം. വിമാനത്താവളത്തിനടുത്ത് വെടിയൊച്ച തുടരുന്നുണ്ട്. സ്ത്രീകളും കുട്ടികളും താലിബാൻ തീവ്രവാദികളുമടക്കം 13 പേർ മരിച്ചതായി അഫ്ഗാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിതി വിലയിരുത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാബൂൾ വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം നടന്നതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ സാധിക്കും. മരണവിവരം ഈ സമയം വ്യക്തമല്ല. ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ പങ്കുവെക്കും- പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു.
We can confirm an explosion outside Kabul airport. Casualties are unclear at this time. We will provide additional details when we can.
— Maj. Gen. Patrick Ryder (@PentagonPresSec) August 26, 2021
അതേസമയം, കാബൂൾ വിമാനത്താവളത്തിനു നേർക്ക് ചാവേർ ആക്രമണം ഉണ്ടാകാനിടയുള്ളതായി വിവരം ലഭിച്ചിരുന്നതായി അമേരിക്കയും മറ്റുരാജ്യങ്ങളും പ്രതികരിച്ചു.