കണ്ണൂർ (പരിയാരം) : കോവിഡ് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യു വിൽ ചികിത്സയിലുള്ള ശ്രീ എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയിലുണ്ടായ പുരോഗതി നിലനിൽക്കുന്നതായി ഇന്നത്തെ മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. രക്തത്തിലെ ഓക്സിജന്റെ അളവിൽ പുരോഗതിയുണ്ടെങ്കിലും സാധാരണ നിലയിൽ ശ്വാസോച്ഛ്വാസം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. സി-പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയോടെ അദ്ദേഹം സ്വന്തമായി ഭക്ഷണം കഴിച്ചുതുടങ്ങിയത് ആരോഗ്യ സ്ഥിതിയിലെ നല്ല ലക്ഷണമായി മെഡിക്കൽ സംഘം ചർച്ച ചെയ്തു. പരിശോധനയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതായി ബോധ്യപ്പെട്ടതിനാൽ പ്രമേഹവും ഒപ്പം രക്തസമ്മർദ്ദവും മരുന്നിലൂടെ നിലവിൽ നിയന്ത്രിച്ചിട്ടുണ്ട്.
രക്തത്തിലെ കോവിഡ് സൂചകങ്ങൾ തീവ്രമായിത്തന്നെ നിലനിൽക്കുന്നതിനാലും, കോവിഡ് ന്യുമോണിയയെ തുടർന്നുള്ള ശ്വാസകോശത്തിലെ അണുബാധയിൽ കാര്യമായ മാറ്റം ക്രമേണയെ ഉണ്ടാകൂ എന്നതിനാലും ഇപ്പോഴും ഗുരുതരാവസ്ഥ തുടരുക തന്നെയാണെന്നും മെഡിക്കൽ സംഘം വിലയിരുത്തി. കോവിഡ് മാറിയോ എന്നത് സംബന്ധിച്ച് സ്ഥിരീകരിക്കുന്നതിനുള്ള ആർ.ടി പി.സി.ആർ പരിശോധന ആരോഗ്യസ്ഥിതി പരിശോധിച്ച് അടുത്തദിവസം നടത്താനും മെഡിക്കൽ ബോർഡ് അനുമതി നൽകി.
മുഖമന്ത്രി ശ്രീ പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ എന്നിവർ ഇന്നും ശ്രീ ജയരാജന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപുമായി ഫോണിൽ ചർച്ച ചെയ്യുകയുണ്ടായി.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ, വൈസ് പ്രസിഡന്റ് ഇ വിജയൻ മാസ്റ്റർ എന്നിവർ ആശുപത്രിയിലെത്തി, ശ്രീ ജയരാജന്റെ ആരോഗ്യ സ്ഥിതി മെഡിക്കൽ ബോർഡുമായി ചർച്ച ചെയ്തു.