കണ്ണൂര്‍: നെല്ലിക്കുഴിയില്‍ ഡെന്റല്‍ ഡോക്ടറായ കണ്ണൂര്‍ നാറാത്ത് പാര്‍വണത്തില്‍ മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് ബിഹാറില്‍ നിന്നെത്തിച്ചതെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ഉത്തരേന്ത്യന്‍ സ്‌റ്റൈല്‍ കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന്റെ എല്ലാ തെളിവും കിട്ടിയെന്നും മന്ത്രി പറഞ്ഞു. രാഖില്‍ ബിഹാറിന്റെ ഉള്‍പ്രദേശത്ത് പോയി താമസിച്ചു. കേരള പോലീസ് ഇന്ന് തന്നെ ബിഹാറിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.ബിഹാറില്‍ തോക്ക് കിട്ടുമെന്നറിഞ്ഞത് രാഖിലിന്റെ സ്ഥാപനത്തിലെ തൊഴിലാളിയില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു.
ബിഹാറിലെ മാവോയിസ്റ്റ് പ്രദേശങ്ങളില്‍ നിന്നു തോക്ക് ലഭിക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ അവിടെ എത്തിയതെന്നാണു പോലീസ് കരുതുന്നത്. 7.62 എം.എം പിസ്റ്റള്‍ ഉപയോഗിച്ചാണ് മാനസയെ കൊലപ്പെടുത്തിയത്. ആരില്‍ നിന്നാണു പിസ്റ്റള്‍ വാങ്ങിയത്, ഇതിനായി എത്ര രൂപ ചെവഴിച്ചു തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
ജൂലൈ 12നാണ് രാഖില്‍ എറണാകുളത്തുനിന്നു ബിഹാറിലേക്കു പോയതെന്നാണു കണ്ടെത്തിയിട്ടുള്ളത്. എട്ട് ദിവസത്തെ യാത്രയ്ക്കിടെ ഇയാള്‍ നാലിടത്തു താമസിച്ചതായും സൂചനയുണ്ട്. തോക്ക് ഉപയോഗിച്ചു പരിചയമില്ലാത്ത രാഖില്‍ ഏറെ കൃത്യതയോടെയാണ് മാനസയ്ക്കുനേരേ രണ്ടുതവണ വെടിയുതിര്‍ക്കുകയും സ്വയം നിറയൊഴിക്കുകയും ചെയ്‌തെന്നാണു പോലീസിന്റെ കണ്ടെത്തല്‍. തോക്ക് കൈവശമെത്തിയശേഷം രാഖില്‍ വെടിയുതിര്‍ക്കുന്നതില്‍ പരിശീലനം നേടിയിരിക്കാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
കൃത്യത്തിനാവശ്യമായ പ്രാദേശിക പിന്തുണ ലഭിച്ചോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. മാനസയുമായി അകന്നശേഷവും ശല്യം രൂക്ഷമായതിനെത്തുടര്‍ന്നു മാനസയുടെ അച്ഛന്‍ രാഖിലിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂലൈ ഏഴിന് രാഖിലിനെ കണ്ണൂര്‍ ഡിവൈഎസ്പി വിളിപ്പിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബിഹാര്‍ യാത്ര. ബിസിനസ് ആവശ്യത്തിനായി ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നാണ് യുവാവ് വീട്ടുകാരോടു പറഞ്ഞിരുന്നത്.
പിസ്റ്റളുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എറണാകുളം റൂറല്‍ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ കണ്ണൂരിലെത്തി വീട്ടുകാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും മൊഴിയെടുക്കും. രാഖില്‍ പഠിച്ചത് ബംഗളൂരുവിലാണ്. ഇയാളുടെ യാത്രാവിവരങ്ങളും പരിശോധിച്ചുവരികയാണ്.
ബാലിസ്റ്റിക് വിദഗ്ധര്‍ തോക്ക് വിശദമായി പരിശോധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.15നാണ് നെല്ലിക്കുഴി ഡെന്റല്‍ കോളജിന് സമീപം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെത്തി മാനസയെ രാഖില്‍ വെടിവച്ചു കൊന്നത്. സ്ഥലത്തുതന്നെ രാഖില്‍ സ്വയം വെടിവച്ചു മരിക്കുകയും ചെയ്തു. പ്രണയനൈരാശ്യമാണ് അരുംകൊലയ്ക്കു കാരണമെന്ന നിഗമനത്തിലാണു പോലീസ്.