ഇടുക്കി: ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ ദൌത്യം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ പരോക്ഷ പരിഹാസവുമായി എംഎം മണി. സ്വന്തമായി വക്കീലൊക്കെ ഉള്ളയാളാണെന്നും. വല്യ പിടിപാടുള്ള, 11 പേരെ കൊന്ന കക്ഷിയാണെന്നും കക്ഷിയോടുള്ള ബഹുമാനം കൊണ്ടാവണം കേസ് ജയിച്ചിട്ടും വക്കീൽ ഫീസ് ചോദിക്കാൻ വരാറില്ലെന്നും മണി ഫേസ്ബുക്കിൽ കുറിച്ചു.
രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ ദൌത്യം നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. കോളർ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു.
പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹരജിയിലായിരുന്നു കോടതി ഉത്തരവിട്ടത്. 29 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. ശനിയാഴ്ച ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 71 അംഗ ദൗത്യസംഘം 11 ടീമുകളായി തിരിഞ്ഞ് ദൗത്യം നടപ്പാക്കാനായിരുന്നു നേരത്തെയുണ്ടായ തീരുമാനം. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്ന കനാല്‍ കോളനി പ്രദേശങ്ങളില്‍ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ കൂടുതല്‍ സേനയെ നിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസവും അരിക്കൊമ്പനെ ജനവാസ പ്രദേശങ്ങളിൽ കണ്ടെത്തിയത് ആശങ്ക പരത്തിയിരുന്നു. പ്രദേശത്തെ അടുക്കളകളും കാന്റീനും തകര്‍ത്തതും, റോഡിലൂടെ പോയ അരിവണ്ടി തടഞ്ഞ് ഭക്ഷിച്ചതുമടക്കം നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായിരുന്നു.