24.9 C
Kottayam
Saturday, May 25, 2024

നായകന്റെ രൂപസാദൃശ്യമില്ലാതിരുന്നിട്ടും എങ്ങനെ!, നെടുമുടിയുടെ ചോദ്യത്തിന് മോഹൻലാൽ അന്ന് നൽകിയ മറുപടി!

Must read

കൊച്ചി:മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. പതിറ്റാണ്ടുകളായി സിനിമാ പ്രേമികളെയെല്ലാം തന്റെ അഭിനയ മികവിലൂടെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ.

നടന വിസ്‌മയം, കംപ്ലീറ്റ് ആക്ടർ എന്നിങ്ങനെയുള്ള വിശേഷണങ്ങളും നടൻ സ്വന്തമാക്കിയിട്ടുണ്ട്. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് നടൻ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലൂടെ വില്ലനായിട്ടായിരുന്നു മോഹൻലാലിന്റെ അരങ്ങേറ്റം പിന്നീട് നായകനായും സൂപ്പർ സ്റ്റാറയുമെല്ലാം താരം വളരുകയായിരുന്നു. കോമഡിയോ സീരിയസോ എല്ലാത്തരം വേഷങ്ങളും നടന്റെ കയ്യിൽ ഭദ്രമായിരുന്നു.

അതുവരെയുണ്ടായിരുന്ന പല നായക സങ്കൽപ്പങ്ങളെ തിരുത്തി കൊണ്ടായിരുന്നു മോഹൻലാലിന്റെ മലയാള സിനിമയിലേക്കുള്ള എൻട്രി തന്നെ.
ഇയാൾ നടനാവില്ല എന്ന് വിധി എഴുതിയവരും നിരവധി ആയിരുന്നു.

mohanlal

എന്നാൽ വില്ലനായി എത്തിയ മോഹൻലാലിന് മലയാളത്തിലെ സൂപ്പർ താരമാകാൻ അധികം നാൾ വേണ്ടി വന്നിരുന്നില്ല. തന്റെ ആദ്യ ടെലിവിഷൻ അഭിമുഖത്തിലും മോഹൻലാൽ നായകസങ്കല്പങ്ങൾ തിരുത്തി കൊണ്ടുള്ള ആ വരവിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

1992 ൽ ആയിരുന്നു മോഹൻലാലിന്റെ ആദ്യ അഭിമുഖം. കേരളത്തിൽ ടെലിവിഷൻ ചാനലുകൾക്ക് മുളപൊട്ടുന്ന സമയത്ത് ദൂരദർശനിൽ ആയിരുന്നു നടന്റെ അഭിമുഖം വന്നത്.

ഓണക്കാലത്ത് വന്ന അഭിമുഖത്തിൽ നെടുമുടി വേണുവും നടനൊപ്പം ഉണ്ടായിരുന്നു. എന്നാൽ കൂടുതലും ചോദ്യങ്ങൾ ചോദിച്ച് അവതാരകന്റെ റോളിലായിരുന്നു നെടുമുടി വേണു.

ഭരതം എന്ന ചിത്രത്തിലൂടെ മോഹൻലാൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ നൽകിയ അഭിമുഖമായിരുന്നു ഇത്. ഇതിന്റെ ചില ഭാഗങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.

മലയാളത്തിൽ നല്ല സിനിമകൾ സാധ്യമാകുന്നത് പ്രേക്ഷകരുടെ മാറ്റം കൊണ്ടാണെന്ന് മോഹൻലാൽ അഭിമുഖത്തിൽ പറയുന്നുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, സദയം പോലുള്ള സിനിമകൾ ചെയ്യാൻ മറ്റൊരു ഭാഷയിലും ധൈര്യം കാണിക്കാത്തതിനു കാരണം നല്ല സിനിമകളെ സ്വീകരിക്കാനുള്ള മലയാളി പ്രേക്ഷകരുടെ മനസാണെന്ന് നടൻ പറയുന്നു.

അതൊരു പെട്ടെന്നുണ്ടായ മാറ്റമല്ല. സിനിമകൾ കണ്ട് അതു സാധ്യമായതാണെന്നും അതിലൂടെ നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്, ഇനിയുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും മോഹൻലാൽ‌ പറയുന്നു.

മോഹൻലാലിന്റെ മലയാള സിനിമയിലേക്കുള്ള കടന്നുവരവിൽ പലരും പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി നെടുമുടി വേണു ചോദിക്കുന്ന ചോദ്യത്തിനും നടൻ കൃത്യമായ മറുപടി നൽകുന്നുണ്ട്.

കൺവെൻഷണൽ നായകൻ്റെ രൂപസങ്കൽപം ഒന്നുമല്ലാത്ത ഒരാൾ എന്നു പറഞ്ഞാൽ കുറച്ചിലായി തോന്നില്ലലോ എന്നു നെ‍ടുമുടി വേണു ചോദിക്കുമ്പോൾ നിഷ്കളങ്കമായ ചിരിയോടെ നമ്മൾ രണ്ടുംപേരും അങ്ങനെയാണല്ലോ എന്നും കുറച്ചിലല്ല, അത് അഭിമാനമാണെന്നാണ് നടൻ പറയുന്നത്.

അങ്ങനെയുള്ള ഒരാൾക്ക് ഇത്രയും ജനപ്രീതിയാർജിക്കാനും ഇത്രയും നല്ല സിനിമകളിൽ അഭിനയിക്കാനും അതിനു പ്രേക്ഷക സ്വീകാര്യത ലഭിക്കാനും ഇത്രയും അംഗീകാരങ്ങൾ പിടിച്ചു പറ്റാനും കഴിഞ്ഞത് ഒരുപക്ഷേ, കേരളത്തിലായതു കൊണ്ടായിരിക്കാം എന്ന നേടുമുടി വേണു പറയുമ്പോൾ മോഹൻലാൽ അത് ശരിവെക്കുന്നുണ്ട്.

ഞാനും വേണുച്ചേട്ടനും, ശ്രീനിവാസൻ, ഭരത് ഗോപിച്ചേട്ടൻ എന്നിവരൊക്കെ കൺവെൻഷണൽ ആക്ടേഴ്സിൽ നിന്നും വളരെയധികം മാറിനിൽക്കുന്നവരാണ്.

മലയാളത്തിൽ ആയതുകൊണ്ടാകാം സാധ്യമായത്. അതിൽ അഭിമാനം കൊള്ളണം നമ്മൾ. അതൊരു ഭാഗ്യമായി കരുതുന്നു, എന്നും മോഹൻലാൽ പറയുന്നു.

അന്ന് മലയാളം ഒഴികെയുള്ള സിനിമകളിൽ മോഹൻലാൽ സജീവമായിരുന്നില്ല. അതേക്കുറിച്ചും നടൻ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നതിന് വിളിച്ചിട്ടുണ്ട്. പോകാത്തതിൻ്റെ കാരണം, ഏറ്റവും നല്ല സിനിമകൾ ഉണ്ടാക്കുന്നത് മലയാളത്തിലാണെന്നാണ് നടൻ പറഞ്ഞത്.

ഏറ്റവും മികച്ച ടെക്നീഷ്യന്മാരും മികച്ച കഥകളും ഉണ്ടാകുന്ന ഒരു സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എനിക്ക് മറ്റൊരു സിനിമ മേഖലയിൽ പോയി പ്രവ‍ർത്തിക്കണമെന്നു തോന്നിയിട്ടില്ലെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

mohanlal

നിരവധി കമന്റുകളാണ് അഭിമുഖത്തിന് താഴെ വരുന്നത്. മോഹൻലാലിന്റെ ഈ അഭിമുഖം സംപ്രേഷണം ചെയ്യുന്ന ദിവസം കേരള സർക്കാർ പവർകട്ട് ഒഴിവാക്കിയിരുന്നു എന്നതടക്കം ആളുകൾ ഓർക്കുന്നുണ്ട്.

അതേസമയം, നിലവിൽ കരിയറിലെ മോശം സമയത്തിലൂടെയാണ് നടൻ കടന്നുപോകുന്നത്. കഴിഞ്ഞ ഒന്ന് രണ്ടു വർഷത്തിനിടയിൽ നല്ലൊരു ഹിറ്റ് ചിത്രം സമ്മാനിക്കാൻ മോഹൻലാലിന് കഴിഞ്ഞിട്ടില്ല.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം, ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ, മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week