പാർട്ടി വിട്ടാൽ തീർന്നു, പോകുന്നവർ പോകട്ടെ; പാർട്ടിയിൽ നിൽക്കുമ്പോഴാണ് വലിയ പുള്ളിയാകുന്നത്: എം.എം. മണി.

ഇടുക്കി: മുൻ മന്ത്രി ജി. സുധാകരന്റെ പാർട്ടി വിടാനുള്ള തീരുമാനത്തോടും തനിക്കെതിരെ നടത്തിയ വ്യക്തിപരമായ വിമർശനങ്ങളോടും പ്രതികരിച്ച് എം.എം. മണി. അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് മാർക്‌സിസ്റ്റുകാരുടെ രീതിയല്ലെന്ന് മണി പറഞ്ഞു.

പിതാവിനെയടക്കം വിളിച്ച് അസഭ്യംപറയുന്ന സംസ്‌കാരം സി.പി.എമ്മിനില്ല. സുധാകരൻ മത്സരിക്കുന്നതും മത്സരിക്കാത്തതും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. ഇതിനു മുൻപും പലരും പാർട്ടി വിട്ടുപോയിട്ടുണ്ടെങ്കിലും പ്രസ്ഥാനം എന്നും കരുത്തോടെ മുന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

'എം.എം. മണി ഈ പാർട്ടിയിൽ നിൽക്കുമ്പോഴാണ് വലിയ പുള്ളി. ഇതിൽനിന്ന് പോയാൽ തീർന്നു. ഞാനിപ്പോൾ പാർട്ടി വിടാൻ തീരുമാനിച്ചാൽ എന്നെ അനുനയിപ്പിക്കാൻ ആർക്കും കഴിയില്ല, പോട്ടെ എന്നേ പാർട്ടി വെക്കൂ' എന്നായിരുന്നു മണിയുടെ പ്രതികരണം. 

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ജി. സുധാകരൻ വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുക. മത്സരം പാർട്ടി സ്ഥാനാർഥിക്ക് എതിരല്ല. ആരുടേയും പിന്തുണ തേടില്ല. പാർട്ടിക്കുള്ളിലെ അവഗണനയും ചില ഭാരവാഹികളുടെ പെരുമാറ്റവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News