അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും, സി.പി.എമ്മിനെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജി. സുധാകരൻ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആരുടെയും പിന്തുണ തേടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായോ യു.ഡി.എഫുമായോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളാരും തന്നെ അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായോ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച തന്റെ വസതിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ഒഴിഞ്ഞെങ്കിലും, കമ്യൂണിസ്റ്റ് ആദർശങ്ങളോ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളോ താൻ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ ആക്ഷേപിക്കാനോ അതിന്റെ ഭരണഘടനയെ തള്ളിപ്പറയാനോ തനിക്ക് ഉദ്ദേശമില്ല. അനുഭാവികളിൽ ഒരാളായി തുടരും. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

തന്നേക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും സുധാകരൻ പറഞ്ഞു. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ആവിഷ്‌കരിച്ച പെരുമ്പളം പാലത്തിന്റെ നിർമ്മാണത്തെക്കുറിച്ച് അഞ്ചോ ആറോ തവണ ദേശാഭിമാനിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളിലൊന്നും തന്റെ പേര് പരാമർശിക്കാൻ അവർ തയ്യാറായിട്ടില്ല. പത്രാധിപന്മാരല്ല ഇതിന് പിന്നിലെന്നും, മറിച്ച് അവിടെയുള്ള മറ്റുചിലരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ബുധനാഴ്ച വൈകീട്ട് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നശേഷം ജില്ലാ സെക്രട്ടറി ആർ. നാസറും എം.എൽ.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവർ ഒഴികെയുള്ള സെക്രട്ടേറിയറ്റംഗങ്ങൾ സുധാകരനെ വീട്ടിൽ സന്ദർശിച്ചിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയുടെ നേതൃത്വത്തിലാണ് പാർട്ടി നേതാക്കൾ സുധാകരനെ കാണാനെത്തിയത്.  മുഖ്യമന്ത്രി സുധാകരനെ ഫോണിൽ വിളിച്ചതായും സൂചനയുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News