ന്യൂഡൽഹി: കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ എം ലിജുവിനായി കരുക്കൾ നീക്കി കെപിസിസി ( KPCC)അധ്യക്ഷൻ കെ സുധാകരൻ (K sudhakaran). സീറ്റാവശ്യവുമായി ദില്ലിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുമായി (Rahul Gandhi) സുധാകരൻ കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സീറ്റിലേക്ക് എം ലിജുവിനെ പരിഗണിക്കണമെന്ന് കെ സുധാകരൻ രാഹുലിനോട് ആവശ്യപ്പെട്ടു. എം.ലിജുവും രാഹുലുമൊത്തുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ലിജുവിന്റെ പേര് പരിഗണനയിലുണ്ടെന്ന് സുധാകരൻ അറിയിച്ചു. രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന് പുറമേ, കെപിസിസി പുന:സംഘടന വിഷയത്തിലും രാഹുലും സുധാകരനും തമ്മിൽ ചർച്ച നടത്തി.
അതിനിടെ കോൺഗ്രസിന്റെ രാജ്യസഭാ സീറ്റിലേക്ക് തികച്ചും അപ്രതീക്ഷിതമായി പുതിയൊരു പേര് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചു. തൃശൂർ സ്വദേശിയും ബിസിനസുകാരനുമായ ശ്രീനിവാസൻ കൃഷ്ണന്റെ പേരാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇപ്പോൾ എ ഐ സി സി സെക്രട്ടറി ആണ് തൃശൂരുകാരനായ ശ്രീനിവാസൻ കൃഷ്ണൻ. രാജ്യസഭാ സീറ്റിലേക്ക് കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും സി.പി ജോണിനെ പോലുള്ള ഘടകകക്ഷി നേതാക്കളും സമ്മർദ്ദം തുടരുകയും വിടി ബൽറാം, ലിജു തുടങ്ങിയ യുവനേതാക്കളുടെ പേരുകൾ സജീവ ചർച്ചയാവുകയും ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദില്ലിയിൽ നിന്നും ഒരു പേര് എത്തിയത്. കെപിസിസി പരിഗണിക്കുന്ന നേതാക്കളുടെ പേരിനൊപ്പം ശ്രീനിവാസൻ കൃഷ്ണൻ്റെ പേര് കൂടി ഉൾപ്പെടുത്താനാണ് ഹൈക്കമാൻഡ് നിർദേശം. സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസൻ്റെ പേര് കൂടി ഉൾപ്പെടുത്തണമെന്നാണ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.