ഇഷ്ട സീറ്റ്, കോടികള്‍ വാഗ്ദാനം; ബി.ജെ.പി ഏജന്റ് സമീപിച്ചതായി എം.എ വാഹിദ്

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരാന്‍ കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് നേതാവും കഴക്കൂട്ടം മുന്‍ എം.എല്‍.എയുമായ എം.എ വാഹിദ്. ബിജെപിക്ക് വേണ്ടി ഏജന്റാണ് തന്നെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഏത് മണ്ഡലത്തില്‍ വേണമെങ്കിലും സീറ്റ് നല്‍കാം. പ്രചരണത്തിന് ചോദിക്കുന്ന പണം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ബിജെപി നേതാക്കളാരുമായിരുന്നില്ല തന്നെ കണ്ടത്. അവര്‍ക്കു വേണ്ടി ഏജന്റാണ് എത്തിയതെന്നും വാഹിദ് വെളിപ്പെടുത്തി.

നിങ്ങള്‍ക്ക് തെറ്റിപ്പോയി, എന്നെ അതിനൊന്നും കിട്ടില്ല, ഒരിക്കലും നിങ്ങള്‍ അതിന് എന്നെ പ്രതീക്ഷിക്കണ്ട, എന്റെ പുറകെ നടക്കുകയും ചെയ്യരുത്. നിങ്ങള്‍ എന്റെ അടുത്ത് വന്നത് തന്നെ മര്യാദക്കേടാണ് എന്നാണ് മറുപടി നല്‍കിയതെന്ന് വാഹിദ് പറഞ്ഞു. വാഗ്ദാനം ചെയ്ത ഏജന്റിന്റെ പേരോ വിവരങ്ങളോ വെളിപ്പെടുത്തില്ലെന്ന ഉറപ്പിലാണ് സംസാരം തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News