തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
നാനൂറിലേറെ സിനിമകളിൽ ആയിരത്തിലേറേ ഗാനങ്ങൾ രചിച്ചു. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ ബിച്ചു തിരുമലയുടെ തൂലികയിൽ പിറന്നു വീണിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.
1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരൻനായരുടെയും മൂത്തമകനായാണ് ബി. ശിവശങ്കരൻ നായർ എന്ന ബിച്ചു തിരുമലയുടെ ജനനം. അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു ബിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിഎ ബിരുദം നേടിയ ബിച്ചു തിരുമല 1970-ൽ എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധർമ്മശാസ്താ’ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. പിന്നീടാണ് ഗാനരചനയിലേക്ക് കടക്കുന്നത്. സി.ആർ.കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി ‘ബ്രാഹ്മമുഹൂർത്തം’ എന്നു തുടങ്ങുന്ന ഗാനമെഴുതിയാണ് തുടക്കം. പക്ഷേ ആ ചിത്രം റിലീസായില്ല. നടൻ മധു നിർമ്മിച്ച ‘അക്കൽദാമ’ യാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും (കടിഞ്ഞൂൽ കല്യാണം) മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985-ൽ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി.
‘ശക്തി’ എന്ന ചിത്രത്തിനായി കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്.
പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകൻ ദർശൻ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകൻ സുമൻ.