26.2 C
Kottayam
Thursday, April 25, 2024

ബോക്‌സിംഗ് താരം മൈക്ക് ടൈസന്‍ കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസഡറാവുന്നു

Must read

ബോക്‌സിംഗ് (Boxing) താരം മൈക്ക് ടൈസന്‍ (Mike Tyson) കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസഡറാവുന്നു . ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ കഞ്ചാവ് കൃഷിയുടെ ബ്രാന്‍ഡ് അംബാസഡറാവാനാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് മൈക്ക് ടൈസന് മലാവി കൃഷിമന്ത്രി ലോബിന്‍ ലോ കത്തയച്ചിരുന്നു. ഈ ക്ഷണം ടൈസന്‍ സ്വീകരിച്ചതായും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഉടന്‍ തന്നെ മലാവി സന്ദര്‍ശിക്കുമെന്നും കഞ്ചാവ് കൃഷിക്കാരുടെ സംഘടനയുടെ വക്താക്കളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷമാണ് മലാവി മെഡിക്കല്‍, വ്യവസായിക ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വളര്‍ത്തുന്നതും വില്‍ക്കുന്നതും നിയമവിധേയമാക്കിയത്. എന്നാല്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള അനുമതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഈ നിയന്ത്രണവും നീക്കുമെന്നാണ് മലാവി കാര്‍ഷിക മന്ത്രാലയം നല്‍കുന്ന സൂചന. കഞ്ചാവ് നിയമവിധേയമാക്കിയതോടെ മലാവിക്കു മുന്നില്‍ അവസരങ്ങള്‍ വര്‍ദ്ധിച്ചതായും പുതിയ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും കൃഷി മന്ത്രി ലോബിന്‍ ലോ പറഞ്ഞു.

മുന്‍ ലോക ഹെവിവെയിറ്റ് ചാമ്പ്യനായ മൈക്ക് ടൈസന്‍ ഇപ്പോള്‍ സംരംഭകന്‍ കൂടെയാണ്. ടൈസന് അമേരിക്കയില്‍ സ്വന്തമായി കഞ്ചാവ് തോട്ടമുണ്ട്. അമേരിക്കയിലെ കഞ്ചാവ് കൃഷിക്കാരുടെ അസോസിയേഷനുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ടൈസനെ ആ വഴിക്കും മലാവി സമീപിച്ചിരുന്നു. മലാവിയുടെ ക്ഷണം ടൈസന്‍ സ്വീകരിച്ചതായി അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതിനിടെ, ഈ നീക്കത്തിനെതിരെ മലാവിയില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ബലാല്‍സംഗ കേസില്‍ പ്രതിയായിരുന്ന ടൈസനെ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബസാഡറാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് അക്കൗണ്ടബിലിറ്റി എന്ന സന്നദ്ധ സംഘടന പ്രസ്താവനയില്‍ പറഞ്ഞു. 1992-ല്‍ ടൈസന്‍ ഒരു ബലാല്‍സംഗ കേസില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചശേഷം ടൈസനെ മോചിപ്പിച്ചു. ഇക്കാര്യം പരാമര്‍ശിച്ചാണ് സംഘടന ഈ നീക്കത്തിനെതിരെ രംഗത്തുവന്നത്.

കഞ്ചാവ് കൃഷിക്ക് പേരുകേട്ട രാജ്യമാണ് മലാവി. ഇവിടത്തെ മലാവി ഗോള്‍ഡ് എന്ന ഇനം കഞ്ചാവ് പ്രശസ്തമാണ്. കഞ്ചാവ് നിയമവിധേയമാക്കുന്ന പുതിയ സാദ്ധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനാണ് മലാവിയുടെ നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week