KeralaNews

ലുലുമാള്‍ അവശ്യ സര്‍വ്വീസോ..? സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചൂടുപിടിക്കുന്നു; പ്രതിഷേധവുമായി സമരാനുകൂലികള്‍

തിരുവനന്തപുരം: ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരാനുകൂലികള്‍. ലുലു ജീവനക്കാരെ സമരവുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞുനിര്‍ത്തുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 11 മണിക്ക് മാളില്‍ ജോലിക്കെത്തണമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നാണ് ലുലു ജീവനക്കാര്‍ പറഞ്ഞത്. പണി മുടക്കില്‍ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ലുലു ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത്.

സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിരുന്നു. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന് ജോലിക്ക് പോകുമ്പോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

ഡയസ്നോണ്‍ പ്രഖ്യാപിച്ചതോടെ ഇന്ന് ജോലിക്ക് ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. അടിയന്തര സാഹചര്യത്തില്‍ ഒഴികെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ജോലിക്ക് ഹാജരാകുന്നതിന് ജീവനക്കാര്‍ക്ക് മതിയായ യാത്രാ സൗകര്യം കെഎസ്ആര്‍ടിസിയും ജില്ലാ കളക്ടര്‍മാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ഇതിനിടെ ചര്‍ച്ചകളില്‍ ചൂടേറുന്നത് ലുലുമാള്‍ ആണ്. കാരണം ആവശ്യസര്‍വീസ് എന്ന പട്ടികയില്‍ ലുലുമാളിനെയും ഉള്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. പത്രക്കട്ടിംഗ് അടക്കം എടുത്തിട്ടാണ് സോഷ്യല്‍മീഡിയ ഈ ചോദ്യം ഉന്നയിക്കുന്നത്. പാല്‍, പത്രം, ആശുപത്രി, എ ടിഎം, ആംബുലന്‍സ്, കൊവിഡ് പ്രതിരോധം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയവയ്ക്ക് ഇളവുണ്ടെന്നാണ് അറിയിപ്പിലുള്ളത്. അതേസമയം, ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും കൊച്ചിയില്‍ ലുലുമാള്‍ അടച്ചിട്ടിരിക്കുകയാണ്.

തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്കില്‍ കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര- സംസ്ഥാന സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകളും തുറമുഖ തൊഴിലാളികളും പണിമുടക്കില്‍ അണിചേരും. വ്യാപാര മേഖലയിലെ സംഘടനകളോടും ചേംബര്‍ ഓഫ് കൊമേഴ്‌സിനോടും സഹകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യം നില്‍ക്കെയാണ് ലുലു മാളിനുള്ള ഇളവ് ചര്‍ച്ചയാവുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button