മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ മഠത്തിനുള്ളില്‍ പൂട്ടിയിട്ടതായി പരാതി. പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് പൂട്ടിയിട്ടത്. ഇന്ന് രാവിലെ 6മണിയോടുകൂടി പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങുന്നതിന് മുന്‍പേ മാനന്തവാടി കാരയ്ക്കാമല മഠത്തിന്റെ വാതിലുകള്‍ പൂട്ടി മറ്റുള്ളവര്‍ പുറത്തുപോയെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.
മുന്‍വശത്തെ വാതില്‍ നേരത്തെ പൂട്ടിയിട്ടതാണ്. അടുക്കള വാതില്‍ വഴിയാണ് ഇപ്പോള്‍ മഠത്തിനുള്ളില്‍ പ്രവേശിക്കുന്നത്. ആകെ പുറത്തേക്ക് കടക്കാനുള്ള വാതില്‍ ഇതു മാത്രമാണ്. ഇത് പൂട്ടിയതോടെ താന്‍ അകത്തുകുടുങ്ങിയെന്ന് ലൂസി പറയുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തിയാണ് പൂട്ട് തുറന്നത്. മദര്‍ സുപ്പീരിയറിനെ കൂട്ടിക്കൊണ്ടുവന്നാണ് പോലീസ് വാതില്‍ തുറന്നത്. നേരത്തെ മഠത്തില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടുന്നു എന്ന് ലൂസി പറഞ്ഞിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തത് ഉള്‍പ്പെടെയുളള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ലൂസിയെ സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. എഫ്സിസി സന്ന്യാസിനി സമൂഹത്തില്‍ നിന്നാണ് ഇവരെ പുറത്താക്കിയത്. സൂപ്പീരിയര്‍ ജനറലാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്.സഭാചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.