ഇടുക്കി കല്ലാര്‍കുട്ടി-ലോവര്‍ പെരിയാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്; വിവിധ നദികളില്‍ ജലനിരപ്പുയരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനത്തതോടെ വിവിധ നദികളില്‍ ജലനിരപ്പുയരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധയിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പഖ്യാപിച്ചു. പത്തനംതിട്ടയിലെ മണിമല (തോന്ദ്ര സ്റ്റേഷന്‍)യില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ & കോന്നി ജിഡി സ്റ്റേഷന്‍), ആലപ്പുഴയിലെ അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍), കോട്ടയം മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍), കാസര്‍കോട് മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍) എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News