ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ പുതിയ ഇളവുകള്‍ നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗരപരിധിക്ക് പുറത്തുള്ള കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിബന്ധനയുണ്ട്. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളിലോ ഇളവ് ബാധകമാകില്ല. ഷോപ്പിംഗ് മാളുകള്‍ക്കും വന്‍കിട മാര്‍ക്കറ്റുകള്‍ക്കും അനുമതി ഇല്ല.
കൊറോണ വൈറസ് വ്യാപനം രൂക്ഷമായ കൂടുതല്‍ ജില്ലകളിലെ സാഹചര്യം വിലയിരുത്താന്‍ രണ്ടാം കേന്ദ്ര സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെത്തും. ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നിവടങ്ങളിലാണ് സംഘം എത്തുന്നത്. അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സാഹചര്യം വിലയിരുത്തും.
ആദ്യമയച്ച കേന്ദ്ര സംഘം പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം സന്ദര്‍ശനം ലക്ഷ്യം കാണുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെ രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഒടുവില്‍ പുറത്തു വന്ന കണക്ക് വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ 1752 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4748 പേരുടെ രോഗം ഭേദമായി. 20.5 ശതമാനമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്. കേരളത്തിലൊഴികെ നേരത്തെ പ്രഖ്യാപിച്ച ഗ്രീന്‍ സോണുകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.