FeaturedHome-bannerKeralaNews

ലോക് ഡൗൺ ഞായറാഴ്ച മാത്രം, എല്ലാ കടകളും തുറക്കാം, പ്രഖ്യാപനം ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ പുതിയ ലോക്ക്ഡൗൺ ഇളവുകൾ ആരോഗ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിക്കും. ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന രീതിയാണ് മാറുന്നത്.

ഇതോടെ, വ്യാപാരികളടക്കം സമരരംഗത്തുള്ളവർ എല്ലാവരും പിന്മാറുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപായി ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാരുമായി ഓൺലൈനിൽ ചർച്ച നടത്തി കാര്യങ്ങൾ വിശദീകരിക്കും.

പുതിയ മാറ്റങ്ങൾ ഏകോപിപ്പിക്കുന്നതിന് ഓരോ ജില്ലകളിലും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് പ്രത്യേകം ചുമതല നൽകി ഇന്നലെ ഉത്തരവിറങ്ങിയിരുന്നു.

ലോക്ക്ഡൗൺ എങ്ങനെ മാറും?

ടിപിആർ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗണിന് പകരം വാർഡുകളിൽ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി ലോക്ക്ഡൗൺ. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാനും, കടകൾ ബാക്കി എല്ലാ ദിവസവും തുറക്കാനും തീരുമാനമായി. കടകൾ 9 മണി വരെ തുറക്കും. അന്തിമ തീരുമാനം ഇന്ന് നിയമസഭയിൽ പ്രഖ്യാപിക്കും.

ഇതോടെ, വൻ വിമർശനമേറ്റു വാങ്ങിയ, ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനം മുഴുവനായി അടച്ചിടുന്ന രീതി മാറുകയാണ്. ഒരു തദ്ദേശ വാർഡിൽ എത്ര രോഗികളെന്നത് കണക്കാക്കി, നിശ്ചിത ശതമാനത്തിന് മുകളിലാണെങ്കിലാകും ഇനിയുള്ള അടച്ചിടൽ. നിയന്ത്രണം മൈക്രോകണ്ടെയിന്മെന്റ് രീതിയിലേക്ക് മാറുന്നു. ഒരു വാർഡിൽ ആയിരം പേരിലെത്ര രോഗികൾ എന്ന രീതിയിൽ കണക്കാക്കാനാണ് ആലോചന.

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കി. ബാക്കിയെല്ലാ ദിവസവും കടകൾ 9 മണി വരെ തുറക്കാം. സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാൽ ഈ ദിവസങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണില്ല.

രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിൽ നിലവിൽ ഡി കാറ്റഗറി മേഖലകളിലുള്ളത് പോലെ ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നേക്കും. സംസ്ഥാനത്ത് നിലവിൽ 323 തദ്ദേശ സ്ഥാപനങ്ങൾ ട്രിപ്പിൾ ലോക്കിലാണ്. പുതിയ രീതി വരുന്നതോടെ ട്രിപ്പിൾ ലോക്ക്ഡൗണിലുള്ള സ്ഥലങ്ങളുടെ എണ്ണം നന്നേ കുറയും. പൊതുസ്ഥലങ്ങളിലും, കടകളിലും വാക്സിനെടുത്തവർക്കായിരിക്കും മുൻഗണന.

മാറ്റങ്ങൾ നാളെ മുതൽ നിലവിൽ വരും. വ്യാപാരികൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും മുകളിലെ ഭാരം നീങ്ങുന്നത് കൂടിയാണ് പുതിയ രീതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker