ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി. വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങളും തുറക്കാം. ഇലക്ട്രിക് ഫാനുകള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ് നല്‍കും.
പാലും പാല്‍ ഉത്പന്നങ്ങളുടെ ഉത്പാദന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇതോടൊപ്പം മൊബൈല്‍ റീച്ചാര്‍ജ് കേന്ദ്രങ്ങളെയും ഇളവുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തേന്‍ ശേഖരിക്കല്‍, വില്‍പ്പന, തേനീച്ചക്കൃഷിക്കായുള്ള വസ്തുക്കള്‍ വാങ്ങല്‍ എന്നിവയ്ക്കായി കര്‍ഷകര്‍ക്ക് സഞ്ചാരം അനുവദിക്കും. ബ്രഡ് ഫാക്ടറികള്‍, പാല്‍ സംസ്‌ക്കരണ കേന്ദ്രങ്ങള്‍, ധാന്യങ്ങള്‍ പൊടിക്കാനുള്ള മില്ലുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ബുക്ക് ഷോപ്പ് തുറക്കാന്‍ കേരളം അനുമതി നല്‍കിയതിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.