കൊവിഡിന്റെ രണ്ടാം വരവ് അതീഭീകരമായിരിക്കും; തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് വൈറസ് ബാധ വീണ്ടുമൊരിക്കല്‍ കൂടി പടര്‍ന്നാല്‍ അത് തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് അമേരിക്ക. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത ശൈത്യകാലം വരെയെങ്കിലും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമെല്ലാം കൊവിഡ് ബാധയുടെ ആശങ്കകള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് മറ്റ് രോഗങ്ങള്‍ക്കൊപ്പം കൊവിഡും കൂടി ഉണ്ടായാല്‍ ആരോഗ്യ രംഗം ഏറെ പണിപ്പെടേണ്ടി വരുമെന്നും രോഗമുക്തി തന്നെ സാധ്യമായെന്നു വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ഇപ്പോള്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവര്‍ ഈ അവസ്ഥ കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീടുകളില്‍ തന്നെ തുടരുന്നതാണ് നല്ലെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.