ലോക്ഡൗണ്‍ നീട്ടിയേക്കും,കേന്ദ്രതീരുമാനം ഉടന്‍

ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം മെയ് 17-ന് അവസാനിക്കാനിരിക്കെ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. ദില്ലിയില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് 6 സംസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടത്. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് ധാരണ.

വിവിധ സംസ്ഥാനങ്ങള്‍ക്ക് ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകള്‍ നിര്‍ണയിക്കാന്‍ അനുമതി നല്‍കിയേക്കും.ഇത്തരത്തില്‍ സോണുകളുടെ പട്ടിക തയ്യാറാക്കി 15-ാം തീയതിക്ക് മുമ്പ് നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ശക്തമായി ആവശ്യപ്പെട്ടപ്പോള്‍, കേരളവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് നിലപാടെടുത്തത്. എന്നാല്‍ മരണനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ഗുജറാത്ത് ലോക്ക്ഡൗണ്‍ നീട്ടരുതെന്നാണ് നിലപാടെടുത്തതെന്നത് ശ്രദ്ധേയമായി. ലോക്ക്ഡൗണില്‍ ഇളവുകളാകാമെങ്കിലും, ട്രെയിന്‍ ഗതാഗതം അനുവദിക്കരുതെന്ന് കേരളവും തെലങ്കാനയും ഒഡിഷയും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം അട്ടിമറിക്കുകയാണെന്ന നിലപാടുമായി രൂക്ഷവിമര്‍ശനമുയര്‍ത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാനായി ഒരു സാമ്പത്തിക പാക്കേജ്, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങള്‍ക്ക് കൈത്താങ്ങ്, വിപണിയില്‍ ചലനമുണ്ടാക്കല്‍ എന്നിവയാകും സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളികള്‍. മൂന്നാം ലോക്ക്ഡൗണിന് ശേഷവും സാമ്പത്തികമേഖലയില്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News