മദ്യലഹരിയില്‍ നടുറോഡില്‍ പൂരപ്പാട്ട്; പോലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

തിരുവനന്തപുരം: മദ്യലഹരിയില്‍ പ്രശ്‌നമുണ്ടാക്കിയ പോലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. തമ്പനൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരനും നെടുമങ്ങാട് സ്വദേശിയുമായ സുകുവിനാണ് (49) മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ഡ്യൂട്ടിയ്ക്ക് പോകാതിരുന്ന ഇയാള്‍ അന്ന് വൈകുന്നേരം മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപിച്ച് വീടിന് കുറച്ചകലെയുള്ള ജംഗ്ഷനില്‍ നാട്ടുകാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ട സുകു നാട്ടുകാരെ തെറിവിളിച്ചതോടെയാണ് നാട്ടുകാരില്‍ ചിലര്‍ ഇയാളെ കൈയ്യേറ്റം ചെയ്തത്.

മര്‍ദ്ദനമേറ്റ് അവശനിലയിലായ സുകു നെടുമങ്ങാട് ഗവ. ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് നെടുമങ്ങാട് പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News