23.8 C
Kottayam
Monday, May 20, 2024

കണ്ണിന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചില്ല; അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

Must read

കോഴിക്കോട്: കണ്ണിന് പരിക്കേറ്റ എല്‍കെജി വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി. കണ്ണിന് ഗുരുതര പരിക്കേറ്റ നാലര വയസുകാരന്‍ കോഴിക്കോട് പുതുപ്പാടി മണല്‍വയല്‍ എകെടിഎഎല്‍പി സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ത്ഥി തന്‍വീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു മണിക്ക് മാതാവ് എത്തിയതിനു ശേഷം മാത്രമാണ് 12.30 ഓടെ പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിക്ക് പരിക്കേറ്റ് പ്രധാനധ്യാപകന്‍ ഉള്‍പ്പെടെയുള്ളവരെ ക്ലാസ് ടീച്ചര്‍ അറിയിച്ചില്ലെന്നും താനാണ് സ്‌കൂട്ടറില്‍ മകനെ ആശുപത്രിയില്‍ എത്തിച്ചതെന്നും മാതാവ് ലൈല പറഞ്ഞു. സഹപാഠിയുടെ കയ്യിലുണ്ടായിരുന്ന പേന തട്ടിയാണ് എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന് പരിക്കേറ്റത്.

കൃഷ്ണമണിക്ക് ആഴത്തില്‍ മുറിവുണ്ട്. അതുകൊണ്ട് തന്നെ കാഴ്ച തിരിച്ച് കിട്ടുമോ എന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ വ്യക്തമാക്കി. സംഭവത്തില്‍ അധ്യാപിക ബിജിയെ സസ്‌പെന്‍ഡ് ചെയ്തു. കുട്ടിക്ക് പരിക്ക് പറ്റിയ കാര്യം അറിഞ്ഞിരുന്നില്ലെന്നും സംഭവം അറിഞ്ഞ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തി ചികില്‍സാ ചിലവ് ഏറ്റെടുത്തെന്നും സ്‌കൂള്‍ പ്രധാനധ്യാപകന്‍ അറിയിച്ചു. രക്ഷിതാക്കള്‍ രേഖാ മൂലം പരാതി നല്‍കിയിട്ടില്ലെങ്കിലും ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്.

ആശുപത്രിയിലെത്തിയ ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കമ്മീഷന്‍ പറഞ്ഞു. ഷഹലയുടെ മരണശേഷം ബാലാവകാശ കമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week