തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയ്ക്ക് മുമ്പ് മദ്യവില്‍പന തുടങ്ങിയേക്കുമെന്ന സൂചന നല്‍കി ബെവ്ക്യൂ ആപ്പ് അധികൃതര്‍. ബെവ്ക്യു ആപ്പ് സജ്ജമായെന്നും ബെവ്കോ നിശ്ചയിക്കുന്ന ദിവസം ട്രയല്‍ റണ്‍ ആരംഭിക്കുമെന്നും ഫെയര്‍കോട് സിഇഒ പറഞ്ഞു.
ബെവ്ക്യൂ ആപ്പിന്റെ ലോഡ് റണ്ണിങ്ങും സുരക്ഷാപരിശോധനയും പൂര്‍ത്തിയായെന്ന് ഫെയര്‍കോഡ് പറഞ്ഞു. ആയിരത്തി ഇരുന്നൂറോളം മദ്യവില്‍പനശാലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആപ്പിന് സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ലെന്നും ഏറ്റവും അടുത്ത ദിവസം തന്നെ ഗൂഗിളില്‍ നിന്ന് ആപ്പിന് അനുമതി പ്രതീക്ഷിക്കുന്നതായും സിഇഒ പറഞ്ഞു.
അതേസമയം, ബെവ്ക്യൂ ആപ്പിനെതിരായ രാഷ്ട്രീയ ആരോപണങ്ങള്‍ സിഇഒ തള്ളി. കരാര്‍ ലഭിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചെന്നും അത് സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഭാഗമാണെന്നും സിഇഒ പറഞ്ഞു.
ബെവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പന നടത്തുന്നത് കൊവിഡ് കാലത്തെ മറ്റൊരു അഴിമതിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരിന്നു. സിപിഎം സഹയാത്രികര്‍ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് നിര്‍മിക്കാന്‍ അനുവാദം നല്‍കിയതെന്നും രമേശ് ചെന്നിത്തല ചോദ്യമുന്നയിച്ചിരുന്നു. 10 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച ആപ്പിന് പ്രതിമാസം മൂന്നു കോടി രൂപ നല്‍കുന്നത് എന്തിനാണ്. ഒരു ടോക്കണിന് 50 പൈസ വച്ചു കമ്പനിക്ക് നല്‍കുന്നത് എന്തിനാണ്. കമ്പനിയെ തിരഞ്ഞെടുത്തത് എങ്ങനെയാണെന്ന് വ്യക്തമാക്കണം. ഉത്തരവ് റദ്ദാക്കണം. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ എക്സൈസ് മന്ത്രി അടിയന്തിരമായി ഇടപെടണം. ആപ്പ് നിര്‍മിക്കാനുള്ള ചുമതല ഐടി മിഷനെയോ സിഡിറ്റിനെയോ ഏല്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരിന്നു.