KeralaNews

കോട്ടയം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ഇ-ടോക്കണ്‍ സംവിധാനത്തോടെ മെയ് 25ന് പുനരാരംഭിക്കും

കോട്ടയം: കൊവിഡ്-19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നിര്‍ത്തിവച്ചിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ സേവനങ്ങള്‍ മോട്ടോര്‍ ഇ-ടോക്കണ്‍ സംവിധാനത്തോടെ മെയ് 25 ന് പുനരാരംഭിക്കും. ഫിറ്റ്‌നെസ് ടെസ്റ്റ്, പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഓള്‍ട്ടറേഷന്‍ എന്നിവയ്ക്കായുള്ള പരിശോധനകള്‍, വാഹനവും ലൈസന്‍സുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളുമാണ് ജനത്തിരക്ക് ഒഴിവാക്കുന്നതിനുള്ള പുതിയ ക്രമീകരണങ്ങളോടെ ലഭ്യമാക്കുന്നത്.

വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.mvd.kerala.gov.in) ഇ-ടോക്കണ്‍ സംവിധാനത്തിലൂടെ സേവനത്തിനായി എത്തേണ്ട തീയതിയും സമയവും തെരഞ്ഞെടുത്തശേഷം നിശ്ചിത സമയത്തുതന്നെ വാഹനവുമായി എത്തണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി.എം. ചാക്കോ അറിയിച്ചു.

കോട്ടയം ആര്‍ടി ഓഫീസിന്റെ പരിധിയില്‍ വരുന്ന വാഹനങ്ങള്‍ ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് ഗൈനക്കോളജി ബ്ലോക്കിന് സമീപം ബാബു ചാഴികാടന്‍ റോഡിലാണ് പരിശോധനയ്ക്കായി ഹാജരാക്കേണ്ടത്. വാഹനവുമായി ഉടമയോ ഡ്രൈവറോ ആരെങ്കിലും ഒരാളെ മാത്രമേ പരിശോധനാ സ്ഥലത്തേക്ക് പ്രവേശിപ്പിക്കൂ.

വാഹനവും ലൈസന്‍സുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ ലഭ്യമല്ലാത്ത സേവനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ ഓഫീസില്‍ സമര്‍പ്പിക്കുന്നതിനും ഈ-ടോക്കണ്‍ സംവിധാനം പ്രയോജനപ്പെടുത്തണം. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, പണം അടച്ച രസീത്, സേവനം കഴിഞ്ഞ് രേഖ ലഭിക്കുന്നതിനുള്ള സ്വന്തം മേല്‍വിലാസമെഴുതി 42 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ എന്നിവ ഇതിനായി ക്രമീകരിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കണം.ഇങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അപേക്ഷകരുടെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷകര്‍ കൊവിഡ്-19 പ്രതിരോധത്തിനായുള്ള സുരക്ഷാ മാനദണ്ഡങ്ങളും ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ആര്‍ടിഒ അറിയിച്ചു. ഫിറ്റ്‌നെസ് ടെസ്റ്റിന് കൊണ്ടുവരുന്ന വാഹനങ്ങളുടെ അസല്‍ രേഖകള്‍ക്കൊപ്പം പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം. വാഹനത്തിന് സ്പീഡ് ഗവര്‍ണര്‍ ഉണ്ടെങ്കില്‍ അതിന്റെ രേഖകളുടെയും ജിപിഎസ് വേണ്ടവയ്ക്ക് ജിപിഎസ് ഘടിപ്പിച്ച ടെമ്പററി ഇന്‍സ്റ്റലേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുകള്‍ നല്‍കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker