സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിച്ചു,ആപ്പില്‍ സര്‍വ്വത്ര ആശയക്കുഴപ്പം,അവ്യക്തത,ഇന്നത്തെ ബുക്കിംഗ് അവസാനിച്ചു

തിരുവനന്തപുരം:കൊവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചിട്ട രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് മദ്യവില്‍പ്പന ആരംഭിച്ചു. ബെവ്‌കോ- കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകളെല്ലാം രാവിലെ 9 മണിക്ക് തുറന്നു. എന്നാല്‍ പലയിടത്തും ടോക്കണ്‍ പരിശോധനയ്ക്ക് വേണ്ടിയുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും ലഭിക്കാത്തതതിനാല്‍ പലയിടത്തും വിതരണം ആരംഭിച്ചത് താളെതെറ്റിയാണ്.ഒടുവില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ ടോക്കണിലെ സമയം പരിശോധിച്ചും ടോക്കണ്‍ നമ്പര്‍ രേഖപ്പെടുത്തിയുമാണ് മദ്യവില്‍പന ഇപ്പോള്‍ നടക്കുന്നത്.

സംസ്ഥാനത്തെ ബാര്‍,ബിയര്‍-വൈന്‍ പാര്‍ലറുകളിലും മദ്യവില്‍പ്പനയ്ക്ക് അനുമതിയുണ്ടെങ്കിലും ബാറുടമകളില്‍ പലര്‍ക്കും ആപ്പിലേക്ക് ലോഗിന്‍ ചെയ്യാനും ബുക്ക് ചെയ്തവരുടെ വിവരങ്ങളെടുക്കാനും സാധിച്ചിട്ടില്ല. ആപ്പില്‍ ലോഗിന്‍ ചെയ്യാനുള്ള പാസ് വേര്‍ഡും യൂസര്‍ നെയിമും ഇതുവരെ ലഭിച്ചില്ലെന്നാണ് പരാതി. ആപ്പില്‍ ലോഗിന്‍ ചെയ്താല്‍ മാത്രമേ ഉപഭോക്താക്കളുടെ ബാര്‍ കോഡ് സ്‌കാന്‍ ചെയ്ത് പെട്ടെന്ന് മദ്യവിതരണം നടത്താന്‍ സാധിക്കൂ. അതിനാല്‍ തന്നെ ബാറുകളില്‍ ഇതുവരെ മദ്യവില്‍പന തുടങ്ങിയിട്ടില്ല.

അതേസമയം ബെവ്ക്യൂ ആപ്പിന്റെ ചൊല്ലി വ്യാപക പരാതിയും വിമര്‍ശനങ്ങളുമുണ്ടെങ്കിലും വിര്‍ച്യല്‍ ക്യൂ എന്ന ആശയം മദ്യവില്‍പനകേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ സഹായകരമാണ് എന്ന് വലിയിരുത്തലുണ്ട്.മാസങ്ങള്‍ക്കുശേഷം മദ്യവില്‍പനശാലകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തെ ഒരു മദ്യവില്‍പനശാലയിലും തിരക്കില്ല. എല്ലായിടത്തും പത്തില്‍ താഴെ മാത്രം ആളുകളാണ് രാവിലെ 9 മണിക്ക് മദ്യം വാങ്ങാനെത്തിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ബെവ്‌കോ കേന്ദ്രങ്ങളിലെല്ലാം ഇതു തന്നെയായിരുന്നു അവസ്ഥ.

അതേസമയം ഇന്നത്തേക്കുള്ള ടോക്കണുകള്‍ കൊടുത്തു കഴിഞ്ഞതായി ബെവ്‌കോ അധികൃതര്‍ അറിയിച്ചു. രാവിലെ ഒന്‍പത് മണി വരെയാണ് ഇന്നത്തെ ടോക്കണ്‍ നല്‍കിയത്. നാളെ മദ്യം വാങ്ങാനുള്ള ടോക്കണ്‍ ഉച്ചയ്ക്ക് ശേഷം കൊടുത്തു തുടങ്ങുമെന്നും ബെവ്‌കോ അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ വരെ 2.82 ലക്ഷം ടോക്കണുകള്‍ കൊടുത്തു കഴിഞ്ഞതായി ആപ്പിന്റെ നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News