KeralaNews

മദ്യനയ കോഴ വിവാദത്തിൽ വഴിത്തിരിവ്; ക്രൈംബ്രാഞ്ച് കേസിൽ തിരുവഞ്ചൂരിന്റെ മകന് നോട്ടീസ്

തിരുവനന്തപുരം: രണ്ടാം ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. വിവാദ ശബ്ദരേഖ വന്ന ബാര്‍ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്‍ജുന്‍ എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വെള്ളിയാഴ്ച ജവഹര്‍നഗറിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കൈപ്പറ്റാന്‍ അര്‍ജുന്‍ കൂട്ടാക്കിയില്ല. നേരിട്ട് കൈപ്പറ്റാത്തതിനാല്‍ ഇ- മെയില്‍ വഴിയാണ് നോട്ടീസ് അയച്ചത്. അര്‍ജുന്‍ നിലവില്‍ ഗ്രൂപ്പ് അഡ്മിന്‍ അല്ല. എന്നാല്‍ ഇപ്പോഴും അംഗമാണ്.

വിവിധ ബാര്‍ ഉടമകളുടെ മൊഴിയെടുത്തപ്പോഴും വാട്‌സാപ്പ് പരിശോധിച്ചപ്പോഴുമാണ് അര്‍ജുന്‍ ഗ്രൂപ്പംഗമാണെന്ന് മനസിലായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. അര്‍ജുന്‍ രാധാകൃഷ്ണന്റെ ഭാര്യാപിതാവിന് ബാറുണ്ട്. ഇതിന്റെ പേരിലാണ് അര്‍ജുന്‍ ഗ്രൂപ്പംഗവും അഡ്മിനുമായത്.

തന്റെ പേരില്‍ ബാറുകളില്ലെന്നും നടത്തിപ്പില്ലെന്നും പറഞ്ഞാണ് അര്‍ജുന്‍ നോട്ടീസ് കൈപ്പറ്റാന്‍ വിസ്സമതിച്ചത്. എന്നാല്‍, വാട്‌സാപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ തുടരുന്നതിനാലാണ് നോട്ടീസ് നല്‍കിയത്. ശബ്ദരേഖ ചോര്‍ന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button