നായയെ മടിയിലിരുത്തി കാറോടിച്ചു; വൈദികനെതിരേ എം.വി.ഡിയുടെ കേസ്, ലൈസൻസ് റദ്ദാക്കും

ആലപ്പുഴ:നായയെ മടിയിലിരുത്തി കാറോടിച്ചതിന് പള്ളിവികാരിക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനില്‍ ഫാ. ബൈജു വിന്‍സന്റിനെതിരേയാണ് ആലപ്പുഴ ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് കേസെടുത്തത്. വാഹനം അപകടകരമായോടിച്ചതിന് ഇദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കും.

കാരണം ബോധിപ്പിക്കുന്നതിനായി ഫാ. ബൈജു തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ആര്‍. രമണന്‍ മുന്‍പാകെ ഹാജരായി. ജൂണ്‍ ആറിനു വൈകുന്നേരം അഞ്ചിന് ചാരുംമൂട്ടില്‍നിന്നു പടനിലത്തേക്കുള്ള യാത്രയ്ക്കിടയിലാണു സംഭവം. സ്റ്റിയറിങ്ങിനും തനിക്കുമിടയില്‍ നായയെ ഇരുത്തി വാഹനമോടിക്കുന്നതിന്റെ ദൃശ്യം വികാരി തന്നെ സാമൂഹികമാധ്യമത്തില്‍ ഇട്ടു. ഇതു പ്രചരിച്ചതോടെയാണ് മോട്ടോര്‍വാഹന വകുപ്പ് അന്വേഷണം നടത്തിയത്.

KL02AS 3460 മാരുതി സുസുക്കി എര്‍ട്ടിഗയിലായിരുന്നു നായയേയും മടിയിലിരുത്തിയുള്ള ഡ്രൈവിങ്ങ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ചാരുമൂട് പടനിലം റോഡിലായിരുന്നു ഈ അപകടകരമായ ഡ്രൈവിങ്ങ് എന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്. സ്റ്റിയറിങ്ങ് വീലിനോട് ചേര്‍ന്നിരിക്കുന്ന നായയുടെ ചിത്രം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചിരുന്നു.

നായയുടെ കാലിന്റെ ചികിത്സയ്ക്കായി മൃഗാശുപത്രിയില്‍ പോയി മടങ്ങി വരികയായിരുന്നെന്നും അതുകൊണ്ടാണ് നായയെ മടിയില്‍ ഇരുത്തിയതെന്നുമായിരുന്നു ഫാ. ബൈജു വിന്‍സന്റിന്റെ വിശദീകരണം. ഇത് ഗതാഗത നിയമത്തിന്റെ ലംഘനമാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News