News

മദ്യം വീട്ടുപടിയ്ക്കല്‍,നിലപാട് വ്യക്തമാക്കി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യം തല്‍ക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടെന്നു തീരുമാനം. ഹോം ഡെലിവറിക്ക് നയപരമായ തീരുമാനം വേണമെന്നാണ് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ നിലപാട്. ബുക്കിങ് സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചന. ഇക്കാര്യങ്ങളില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ ബവ്‌കോ എംഡിയുമായി ചര്‍ച്ച നടത്തി.

ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ഒന്നര വര്‍ഷം മുന്‍പ് സര്‍ക്കാരിനു മുന്നില്‍ അപേക്ഷ എത്തിയിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല.പിന്നീട് കോവിഡ് വ്യാപിച്ചതോടെ തിരക്കു കുറയ്ക്കാന്‍ ബെവ്ക്യു ആപ് ഏര്‍പ്പെടുത്തി. ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നു. നിയമപ്രകാരം കുപ്പികളില്‍ മദ്യം വില്‍ക്കാന്‍ ബവ്‌റിജസ് ഷോപ്പുകള്‍ക്കു മാത്രമേ അനുമതിയുള്ളൂ.

തിരക്കു നിയന്ത്രിക്കാന്‍ ബാറുകളില്‍ കൗണ്ടറുകള്‍ സ്ഥാപിച്ചതോടെ അതിനും ഭേദഗതി വേണ്ടിവന്നു. ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ റൂളിലും ഭേദഗതി വേണം.

ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 3 ലീറ്ററാണ്. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചാല്‍ വിതരണം നടത്തുന്ന കമ്പനിയുടെ ജീവനക്കാരന് ഇതില്‍ കൂടുതല്‍ അളവ് മദ്യം കൈവശം വയ്‌ക്കേണ്ടിവരും. ഇതിനായി ഭേദഗതി കൊണ്ടുവരണം.

ബെവ്‌കോ എംഡിയുടെ മുന്നില്‍ ഒരു കമ്പനിയുടെ അപേക്ഷ എത്തിയാല്‍ അത് എക്‌സൈസ് കമ്മിഷണര്‍ക്കു കൈമാറും. കമ്മിഷണര്‍ കാര്യങ്ങള്‍ വിശദമാക്കി എക്‌സൈസ് മന്ത്രിക്കു ശുപാര്‍ശ സമര്‍പ്പിക്കും.ചട്ടത്തിലാണ് ഭേദഗതി വരുത്തേണ്ടതെങ്കില്‍ മന്ത്രിതലത്തില്‍ തീരുമാനമെടുക്കാനാകും. മദ്യത്തിന്റെ കാര്യമായതിനാല്‍ മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button