ലതികാ സുഭാഷ് എന്‍.സി.പിയിയിൽ; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് പി.സി. ചാക്കോ
തിരുവനന്തപുരം:മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് എൻ.സി.പിയിൽ ചേരും. ചേരും. എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുമായി ലതികാ സുഭാഷ് ചർച്ച നടത്തി. ലതിക തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അവർ വ്യക്തമാക്കി.
‘പി.സി. ചാക്കോയുമായി ആശയ വിനിമയം നടത്തിയിരുന്നു. ഞാൻ വളരെ ചെറിയ പ്രായം മുതൽ കാണുന്ന ഒരു കോൺഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചർച്ചകൾ ആലോചിച്ച് വരികയാണ്. വൈകാതെ എന്റെ നിലപാട് വ്യക്തമാക്കും. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാൻ എനിക്ക് കഴിയുകയില്ല. കോൺഗ്രസിന്റെ പാരമ്പര്യത്തിൽ വന്ന വ്യക്തി എന്ന നിലയിൽ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമ പ്രവർത്തകരുമായി പങ്കുവെക്കും,’ലതികാ സുഭാഷ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ലതികാ സുഭാഷ് കോൺഗ്രസുമായി അകന്നത്. തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു അവർ. തുടർന്ന് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചിരുന്നു. പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയതിന് കോൺഗ്രസ് പുറത്താക്കുകയും ചെയ്തു.
ഇതിനിടെ കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ് എൻ.സി.പിയുടെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത പി.സി.ചാക്കോ. അതിന്റെ ആദ്യപടിയാണ് ലതികാ സുഭാഷിനെ പാർട്ടിയിലെത്തിക്കൽ. അടുത്തിടെയാണ് തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് പി.സി.ചാക്കോ കോൺഗ്രസ് വിട്ടത്.