33.4 C
Kottayam
Monday, May 6, 2024

ലിറ്ററിന് 900 രൂപ കൊടുത്ത് വാങ്ങിയ ‘മദ്യം’ കുടിക്കാനൊരുങ്ങിയപ്പോള്‍ കട്ടന്‍ചായ! കൊല്ലത്ത് നടന്ന തട്ടിപ്പിന്റെ കഥയിങ്ങനെ

Must read

കൊല്ലം: വിദേശമദ്യമെന്ന വ്യാജേന കുപ്പിയിലാക്കി കട്ടന്‍ചായ നല്‍കി യുവാക്കളെ കബളിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അഞ്ചാലുംമൂട് ബാറിന് സമീപത്താണ് സംഭവം. ലിറ്ററിന് 900 രൂപയ്ക്കാണ് മദ്യമെന്ന പേരില്‍ കട്ടന്‍ ചായ വിറ്റത്.

ബാറില്‍നിന്ന് മദ്യം വാങ്ങാനെത്തിയ അഞ്ചാലുംമൂട് സ്വദേശികളായ രണ്ട് ചെറുപ്പക്കാരാണ് കബളിപ്പിക്കപ്പെട്ടത്. മധ്യവയസ്‌കനായ ഒരാള്‍ കുപ്പിയുമായി ഇവരെ സമീപിച്ചു. കൗണ്ടര്‍ അടയ്ക്കാറായ സമയമായതിനാല്‍ ജീവനക്കാര്‍ മദ്യം പുറത്തുകൊണ്ടുവന്നു നല്‍കുന്നതാകുമെന്നാണ് ചെറുപ്പക്കാര്‍ കരുതിയത്. ചോദിച്ച വിലയും നല്‍കി സാധനം വാങ്ങി സ്ഥലം വിട്ടു.

പിന്നീട് കുപ്പി തുറന്നപ്പോള്‍ കട്ടന്‍ചായ കണ്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. സംഭവമറിഞ്ഞ് എക്സൈസ് സംഘം സ്ഥലത്തെത്തി ബാറില്‍ പരിശോധന നടത്തി. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ക്ക് കുപ്പി നല്‍കിയയാള്‍ ബാര്‍ ജീവനക്കാരനല്ലെന്ന് തെളിഞ്ഞത്.

ഇയാള്‍ക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നെന്നും കുപ്പി വില്‍പ്പന നടത്തി അല്‍പ്പ സമയത്തിന് ശേഷം ഇവര്‍ ഓട്ടോയില്‍ സ്ഥലംവിട്ടെന്നും ദൃശ്യങ്ങളില്‍ നിന്ന് തെളിഞ്ഞു. തട്ടിപ്പുകാരെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ നടന്നത് കബളിപ്പിക്കലായതിനാല്‍ എക്സൈസിന് കേസെടുക്കാന്‍ നിര്‍വാഹമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week