ചണ്ഡീഗഡ്: ഹരിയാനയിലെ സോനിപത്തിന് സമീപം വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പഞ്ചാബി നടനും സാമൂഹിക പ്രവര്‍ത്തകനുമായ ദീപ് സിദ്ദുവിന്റെ കാറില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെത്തിയതായി പോലീസ്. നടന്റെ കാര്‍ കൂട്ടിയിടിച്ച ട്രക്ക് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ദീപ് സിദ്ദുവിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. എഫ്എസ്എല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് സിദ്ദുവിന്റെ സഹോദരനാണ് പരാതി നല്‍കിയത്. കെഎംപി എക്സ്പ്രസ് വേയില്‍ പിപ്ലി ടോളിന് സമീപം കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ദീപ് സിദ്ദുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി കുടുംബത്തിന് വിട്ടുകൊടുത്തു. കര്‍ഷക സമരത്തിനിടെ ചെങ്കോട്ടയിലേക്ക് കര്‍ഷകര്‍ എത്തിയ സംഭവത്തില്‍ ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. 2015ല്‍ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദുവിന്റെ ചലച്ചിത്ര മേഖലയിലേക്കുള്ള പ്രവേശനം.