ന്യൂഡല്‍ഹി: ഇന്ത്യയോട് സഹാമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പിറ്റേഴ്സണിന്റെ ട്വീറ്റ് അണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. തന്റെ പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടെന്നും, ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്ന തനിക്ക് പാന്‍ കാര്‍ഡ് ആവശ്യമാണെന്നുമായിരുന്നു താരത്തിന്റെ ട്വീറ്റ്. ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും താരം സഹായമഭ്യര്‍ത്ഥിച്ചിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും പോസ്റ്റ് ചെയ്ത ട്വീറ്റ് ക്രിക്കറ്റ് ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.
‘ഞാന്‍ എന്റെ പാന്‍ കാര്‍ഡ് എവിടെയോ മറന്നുവെച്ചു. പക്ഷേ എനിക്ക് ഇന്ത്യയില്‍ വരണമെങ്കില്‍ കാര്‍ഡ് അത്യാവശ്യമാണ്. എന്നെ സഹായിക്കാന്‍ കഴിയുന്ന, എനിക്ക് എത്രയും വേഗം ബന്ധപ്പെടാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ടോ?’ പിറ്റേഴ്സ്ണ്‍ ട്വീറ്റ് ചെയ്തു. ഇതു തന്നെ ഹിന്ദിയിലും ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അദ്ദേഹം സഹായമഭ്യര്‍ത്ഥിച്ചു. പിറ്റേഴ്സ്ണിന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആദായ നികുതി വകുപ്പ് അദ്ദേഹവുമായി ബന്ധപ്പെടുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഐ.പി.എല്ലിന്റെ തുടക്കം മുതല്‍ തന്നെ പീറ്റേഴ്സണ്‍ ടൂര്‍ണമെന്റിലെ വിവിധ ടീമുകളുടെ ഭാഗമായിരുന്നു. തന്റെ ഐ.പി.എല്‍ കരിയറില്‍ ഡെക്കാന്‍ ചാര്‍ജേഴ്സ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി ബാറ്റേന്തിയിരുന്നു.
ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ കമന്ററി രംഗത്തും സാന്നിധ്യമായിരുന്ന പീറ്റേഴ്സണ്‍ ബി.സി.സി.ഐയുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മോദി പീറ്റേഴ്സണ് ആശംസകളറിയിച്ചിരുന്നു. ഇക്കാര്യമറിയിച്ച് താരം മോദി അയച്ച കത്ത് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പീറ്റേഴ്സണ് മാത്രമല്ല, കരീബിയന്‍ ഇതിഹാസം ക്രിസ് ഗെയ്ലിനടക്കം നിരവധി താരങ്ങള്‍ക്ക് ആശംസകളറിയിച്ച് കത്തയച്ചിരുന്നു.
https://twitter.com/KP24/status/1493518768034754562?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1493518768034754562%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.doolnews.com%2Fkevin-pietersen-reaches-out-to-india-pm-modi-for-help-454.html