33.4 C
Kottayam
Friday, April 26, 2024

അത്ഭുത ഗോളുമായി മെസി,പിഎസ്ജിയ്ക്ക് തകര്‍പ്പന്‍ ജയം, പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില

Must read

ക്ലെര്‍മന്‍: ഫ്രഞ്ച് ലീഗില്‍ തകർപ്പൻ ജയത്തോടെ പിഎസ്ജി സീസൺ ആരംഭിച്ചു. സൂപ്പർ താരം ലയണൽ മെസി കളം നിറഞ്ഞാടിയ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പിഎസ്ജി ക്ലെര്‍മന്‍ ഫുട്ടിനെ പരാജയപ്പെടുത്തി. ഇപ്പോഴിതാ, പിഎസ്ജിക്കായി മെസി നേടിയ അത്ഭുത ഗോളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ക്ലെര്‍മന്‍ ഫുട്ടിനെതിരായ മത്സരത്തിലെ രണ്ടാം ഗോളാണ് ഫുട്ബോള്‍ ലോകത്തിന് വിരുന്നായത്.

മൈതാന മധ്യത്തുനിന്ന് ലഭിച്ച അസിസ്റ്റില്‍ പന്ത് നെഞ്ചില്‍ സ്വീകരിച്ച ശേഷം ബൈസിക്കിള്‍ കിക്കിലൂടെ വല ചലിപ്പിക്കുകയായിരുന്നു മെസി. മെസി(80,86) ഇരട്ടഗോൾ നേടിയപ്പോൾ നെയ്മര്‍(9), ഹക്കീമി(26), മാര്‍ക്കീനോസ്(38) എന്നിവർ ഓരോ ഗോളും നേടി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്.

2021 സീസൺ തുടക്കത്തിൽ പി.എസ്.ജിയിലെത്തിയ മെസി ആ വർഷം വെറും ആറ് ലീഗ് ഗോളുകൾ മാത്രമാണ് നേടിയത്. എന്നാൽ, പുതിയ സീസണിൽ ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോളുമായി താരം വരവറിയിച്ചു. സൂപ്പർ കപ്പടക്കം മൂന്ന് മത്സരങ്ങളിൽ നിന്ന് സൂപ്പർ താരത്തിന്റെ ഗോൾസമ്പാദ്യം മൂന്നായിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവര്‍പൂളിന് സമനില. ലീഗിൽ സ്ഥാനക്കയറ്റം കിട്ടിയ ഫുൾഹാമിനോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ലിവര്‍പൂൾ. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 80-ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ നേടിയ ഗോളിലാണ് ലിവര്‍പൂൾ സമനില നേടിയത്. മുപ്പത്തിരണ്ടാം മിനിറ്റിൽ സെര്‍ബിയന്‍ താരം അലക്സാണ്ടര്‍ മിത്രോവിച്ചിലൂടെ ഫുൾഹാമാണ് ആദ്യം മുന്നിലെത്തിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഡാര്‍വിന്‍ന്യൂനെസിന്‍റെ ഗോളിൽ ലിവർപൂൾ സമനില നേടി. 72-ാം മിനിറ്റില്‍ മിത്രോവിച്ചിന്‍റെ രണ്ടാം ഗോളിലൂടെ ഫുൾഹാം ലിവര്‍പൂളിനെ വിറപ്പിച്ചു. കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷനില്‍ 43 ഗോള്‍ നേടിയ താരമാണ് മിത്രോവിച്ച്. ഫുൾഹാം അട്ടിമറിജയം പ്രതീക്ഷിച്ചെങ്കിലും സലാ ലിവര്‍പൂളിന്‍റെ രക്ഷകനായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week