ലോകകപ്പ് ആവേശത്തിന് പിന്നാലെ ട്വിറ്ററിലെ ഫുട്ബോൾ ട്രെന്റിങ്ങിന്റെ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ട്വിറ്റർ. ലോകകപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട താരത്തെക്കുറിച്ചും ടീമിനെക്കുറിച്ചുമെല്ലാം ട്വിറ്റർ വെളിപ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പ് ഫൈനലിനിടെയാണ് ആരാധകർ ഏറ്റവും കൂടൂതൽ ട്വീറ്റുകൾ പങ്കുവെച്ചിരിക്കുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിന്റെ അവസാന സമയത്താണ് ഏറ്റവും കൂടുതൽ ട്വിറ്റുകൾ വന്നത്.
ഏറ്റവുമധികം മെൻഷൻ ചെയ്യപ്പെട്ട താരം ചാമ്പ്യൻ ടീമിന്റെ മെസി തന്നെയാണ്. തൊട്ടുപിറകിൽ എംബാപ്പെയും നെയ്മറുമുണ്ട്. പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോ നാലാമതാണ്. ഏറ്റവുമധികം മെൻഷൻ ചെയ്യപ്പെട്ട ടീം അർജന്റീനയാണ്. ബ്രസീലാണ് രണ്ടാമത്. ഫ്രാൻസ് മൂന്നാമതെത്തിയപ്പോൾ പോർച്ചുഗൽ നാലാം സ്ഥാനം സ്വന്തമാക്കി.
നേരത്തെ ലോകകപ്പ് ഫൈനലിനിടെ ഗൂഗിളും റെക്കോഡിട്ടിരുന്നു. അർജന്റീന-ഫ്രാൻസ് ഫൈനലിനിടെ കഴിഞ്ഞ 25 വർഷത്തിനിടെയുള്ള ഗൂഗിൾ സെർച്ചിന്റെ ഏറ്റവും ഉയർന്ന ട്രാഫിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
അർജന്റീന-ഫ്രാൻസ് ഫൈനലിനിടെ കഴിഞ്ഞ 25 വർഷത്തിനിടെയുള്ള ഗൂഗിൾ സെർച്ചിന്റെ ഏറ്റവും ഉയർന്ന സെർച്ച് ട്രാഫിക് രേഖപ്പെടുത്തിയെന്നും ലോകമൊന്നാകെ ഒരൊറ്റ കാര്യം മാത്രം തിരഞ്ഞതുപോലെയാണെന്നും സുന്ദർ പിച്ചൈ കുറിച്ചിരുന്നു.
കഴിഞ്ഞ ദിവസം മുതൽക്കേ മെസി, എംബാപ്പെ, ഫിഫ വേൾഡ് കപ്പ് എന്നീ വാക്കുകൾ ട്രെന്റിങ്ങിലുണ്ടായിരുന്നു. ഇന്ത്യയിലും ഫിഫ വേൾഡ് കപ്പ് സെർച്ചിൽ തരംഗം തീർത്തിട്ടുണ്ട്. കഴിഞ്ഞ മാസം പുറത്തുവിട്ട ഗൂഗിളിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സെർച്ച് ടോപ്പിക് ‘ഫിഫ വേൾഡ് കപ്പ്’ എന്നതാണ്.