ഇനി ഞാനുറങ്ങട്ടെ, കപ്പും കെട്ടിപ്പിടിച്ചുറങ്ങി മെസ്സി,വൈറലായി ചിത്രം
36 വർഷത്തെ ഇടവേളയ്ക്ക് ശേഷം നേടിയെടുത്ത വിശ്വകിരീടം നെഞ്ചോടു ചേർത്തുവച്ചുറങ്ങി അര്‍ജന്‍റീനന്‍ സൂപ്പർ താരം ലയണൽ മെസ്സി. താരം തന്നെയാണ് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തു. അര മണിക്കൂറിനുള്ളില്‍ 25 ലക്ഷം പേരാണ് ചിത്രം ലൈക്ക് ചെയ്തത്.
ബൂയൻ ഡീയാ (സുപ്രഭാതം) എന്ന അടിക്കുറിപ്പോടെയാണ് മെസ്സി ചിത്രം പോസ്റ്റു ചെയ്തത്. തലവച്ച തലയിണയിൽ തന്നെ കപ്പും വച്ച്, അതിനെ ചേർത്തുപിടിച്ച് ഉറങ്ങുന്നതാണ് ആദ്യത്തെ ചിത്രം. കപ്പ് ശരീരത്തോട് ചേർത്ത് തലയിണയിൽ ചാരിക്കിടക്കുന്നത് അടുത്ത ചിത്രം. കപ്പു പിടിച്ച് എന്തോ കുടിക്കുന്ന ചിത്രമാണ് മൂന്നാമത്തേത്.
ചിത്രത്തിന് ആദ്യം കമന്റിട്ടത് സഹതാരം പൗളോ ഡിബാലയാണ്. നല്ല പ്രഭാതം അല്ലേ എന്നാണ് ഡിബാലയുടെ ചോദ്യം. സ്വപ്‌നം സത്യമായെന്ന് നിരവധി പേർ കമന്റ് ചെയ്തപ്പോൾ ഗോട്ട് എന്നും ലജൻഡ് എന്നും പ്രതികരിച്ചവര്‍ ഏറെ. ഇതുപോലെ ഉണരണം എന്നാണ് അഡിഡാസ് ഫുട്‌ബോൾ കമന്റിട്ടത്.
ലോകകപ്പ് കിരീടധാരണത്തിന് ശേഷം ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് അർജന്റൈൻ ടീം തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിൽ വിമാനമിറങ്ങിയത്. പ്രിയതാരങ്ങളെ കാണാൻ പതിനായിരങ്ങളാണ് നഗരത്തിൽ ഒത്തുകൂടിയിരുന്നത്. തുറന്ന ബസ്സിലായിരുന്നു ടീമിന്റെ നഗരസഞ്ചാരം. വിജയാഘോഷത്തിനായി ചൊവ്വാഴ്ച സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഫ്രാൻസിനെ കീഴ്‌പ്പെടുത്തിയാണ് അർജന്റീന ലോകകപ്പ് ജേതാക്കളായത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും മൂന്നു ഗോൾ വീതം നേടിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ തകർപ്പൻ പ്രകടനമാണ് നീലക്കുപ്പായർക്ക് കിരീടം സമ്മാനിച്ചത്.
ആദ്യ പകുതിയിൽ അർജന്റീന ഏകപക്ഷീയമായ രണ്ട് ഗോളിന്റെ ലീഡെടുത്ത ശേഷമായിരുന്നു രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ തിരിച്ചുവരവ്. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകളാണ് മത്സരത്തിന്റെ ചൂടുപിടിപ്പിച്ചത്. അധികസമയത്ത് അർജന്റീനയ്ക്കായി മെസ്സിയും ഫ്രാൻസിനായി എംബാപ്പെ മൂന്നാമതും ഗോൾ നേടി. ഇതോടെ സ്‌കോർ 3-3. തൊട്ടുപിന്നാലെ ഷൂട്ടൗട്ട്.