പാരിസ്:രണ്ട് പതിറ്റാണ്ടായി ബാഴ്‌സലോണയുടെ നെടും തൂണായി പ്രവര്‍ത്തിച്ച, കരിയര്‍ അവിടെ തന്നെ അവസാനിക്കാന്‍ ആഗ്രഹിച്ചിരുന്ന ലയണല്‍ മെസി ബാഴ്സ വിടുകയാണെന്ന വാര്‍ത്ത ലോകമൊട്ടാകെയുള്ള ആരാധകരെ തീര്‍ത്തും നിരാശയിലാഴ്ത്തിയിരുന്നു. മെസിയുടെ സൈനിങ് പൂര്‍ത്തിയാക്കിയത് പി എസ് ജി പ്രഖ്യാപിച്ചതോടെ താരത്തിന്റെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.
രണ്ടു വര്‍ഷത്തെ കരാറിലാണ് മെസിയെ പിഎസ്ജി സ്വന്തം തട്ടകത്തില്‍ എത്തിച്ചത്. എന്നാല്‍ ഇത് ഒരുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം താരം പി എസ് ജിയില്‍ അണിയുന്ന ജേഴ്സി നമ്പര്‍ ഏവരുടെയും നെറ്റി ചുളിപ്പിക്കുന്നതായിരുന്നു. ഫ്രാന്‍സില്‍ ബാക്കപ്പ് ഗോള്‍കീപ്പര്‍മാര്‍ അണിയുന്ന മുപ്പതാം നമ്പര്‍ ജേഴ്സിയാണ് മെസി പി എസ് ജിയില്‍ തിരഞ്ഞെടുത്തത്.
മെസി പി എസ് ജിയിലേക്ക് മാറുമ്പോള്‍ താരം ഏത് ജേഴ്‌സി നമ്പര്‍ ധരിച്ചായിരിക്കും കളിക്കുക എന്നത് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയമായിരുന്നു. പി എസ് ജിയുടെ പത്താം നമ്പര്‍ ജേഴ്സി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ മെസി 19ആം നമ്പര്‍ ജേഴ്സി തിരഞ്ഞെടുക്കും എന്നാണു ആരാധകര്‍ ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ മെസി മുപ്പതാം നമ്പര്‍ ആണ് തിരഞ്ഞെടുക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ വരികയും പിന്നീട് പി എസ് ജി അത് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
ബാഴ്സലോണയില്‍ മെസി കരിയര്‍ ആരംഭിച്ചത് 30ആം നമ്പര്‍ ജേഴ്സിയിലാണ്. പിന്നീട് 2006 ലാണ് മെസിക്ക് 19ആം നമ്പര്‍ ജേഴ്സി ലഭിക്കുന്നത്. ബാഴ്സയില്‍ നിന്ന് റൊണാള്‍ഡീനോ പോയ ശേഷം പത്താം നമ്പര്‍ ജേഴ്സി മെസിക്ക് ലഭിക്കുകയായിരുന്നു. 2008 മുതലാണ് മെസി ബാഴ്സയില്‍ പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞ് കളിക്കാന്‍ തുടങ്ങിയത്. അര്‍ജന്റീനയിലും മെസിയുടെ ജേഴ്സി പത്താം നമ്പര്‍ തന്നെ. പി എസ് ജി യില്‍ മെസി കരിയര്‍ അവസാനിപ്പിക്കുമെന്നും ബാഴ്സയില്‍ തുടക്കം കുറിച്ച 30ആം നമ്പര്‍ ജേഴ്സി ധരിച്ച് തന്നെ സൂപ്പര്‍താരം തന്റെ വിടവാങ്ങല്‍ മത്സരം കളിക്കുമെന്നുമാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.
21 വര്‍ഷം മുമ്പ് പതിമൂന്നാം വയസില്‍ ബാഴ്‌സ അക്കാദമിയിലെത്തിയ മെസ്സി, മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. കറ്റാലന്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസ്സിയാണ്. 778 കളികളില്‍ നന്ന് 672 ഗോള്‍. ഇക്കാലയളവില്‍ 10 സ്പാനിഷ് ലീഗും 4 ചാമ്പ്യന്‍സ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങളാണ് മെസ്സിയുടെ മികവില്‍ ബാഴ്‌സ സ്വന്തമാക്കിയത്. ബാഴ്‌സയുടെ കുപ്പായത്തില്‍ മാത്രം തിളങ്ങുന്നവെന്ന വിമര്‍ശനങ്ങള്‍ക്കിടെ മെസ്സി കോപ്പ അമേരിക്ക കിരീടം നേടിയത് കഴിഞ്ഞ മാസമാണ്. ക്ലബ് വിടാനുള്ള ആഗ്രഹം ഒരു വര്‍ഷം മുമ്പ് തന്നെ മെസ്സി പ്രകടിപ്പിച്ചിരുന്നതാണ്.