കൊച്ചി: മലയാള സിനിമയില്‍ വീണ്ടും വിവാദം.കൊവിഡുമായി ബന്ധപ്പെട്ട് വിവിധ സിനിമാസംഘടനകള്‍ പ്രഖ്യാപിച്ച നിര്‍മ്മാണവിലക്ക് മറികടന്ന് വിവിധ സംവിധായകര്‍ സിനിമകള്‍ പ്രഖ്യാപിച്ചതോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തപ്പെട്ടത്.
നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും പരോക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയിരുന്നു. ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്‍മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും ലിജോ ജോസ് പല്ലിശേരി ആഞ്ഞടിച്ചു. ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണ്. ഇഷ്ടമുള്ള പ്ലാറ്റ്ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കുമെന്നും ലിജോജോസ് പെല്ലിശ്ശേരി വ്യക്തമാക്കി.
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ പുതിയ സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ലിജോ പുറത്തുവിട്ടിരുന്നു. എ എന്നാണ് സിനിമയുടെ പേര്. ജൂലായ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നും ലിജോ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ലിജോ പുറത്തുവിട്ട ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാ ആരാടാ തടയാന്‍’ എന്ന ലിജോയുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിരുന്നു.
പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനെ സംബന്ധിച്ച് മലയാളി സിനിമയില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റും സിനിമാ പ്രഖ്യാപനവും എന്നതും ശ്രദ്ധേയം. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിര്‍മാതാക്കാളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.
ഹാഗര്‍ എന്ന സിനിമ പ്രഖ്യാപിച്ച് ആഷിഖ് അബുവും ഫഹദ് ഫാസില്‍ സിനിമ പ്രഖ്യാപിച്ച് മഹേഷ് നാരായണനും രംഗത്തെത്തി. പിന്നാലെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയും പുതിയ സിനിമ പ്രഖ്യാപിച്ചത്.പുതിയ സിനിമകളുടെ ചിത്രീകരണത്തിന് തടസ്സമില്ലെന്നും എന്നാല്‍ നിലവില്‍ റിലീസ് മുടങ്ങിയ ചിത്രങ്ങളുടെ റിലീസിന് ശേഷം മതി പുതിയ ചിത്രങ്ങളുടെ റിലീസെന്നുമാണ് ഫെഫ്കയുടെ നിലപാട്.
അതിനിടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ ഫിലിം ചേമ്പര്‍ രംഗത്തെത്തി.സിനിമയുടെ സ്രഷ്ടാവ് നിര്‍മാതാവാണെന്നും നിര്‍മ്മാതാവിന്റെ കഠിനാധ്വാനത്തിന്റെ ഫലമായുളള പണമാണ് സിനിമയുടെ അടിസ്ഥാനമെന്നും വ്യവസാമെന്ന നിലയില്‍ ഇപ്പോള്‍ ഒരുമയാണ് വേണ്ടതെന്നും ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അനില്‍ തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഞങ്ങള്‍ക്ക് സിനിമ പണമുണ്ടാക്കാനുള്ള ബിസിനസ് ആണ്. നമ്മള്‍ ജീവിക്കുന്ന രാഷ്ട്രം സ്വതന്ത്രൃമാണ്. സിനിമയുടെ സൃഷ്ടാവ് നിര്‍മാതാവാണ്. അയാളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരം.
ന
മ്മള്‍ ഒരു മഹാമാരിക്ക് നടുവിലാണ്. ഒരു യുദ്ധമാണിത്. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് ആളുകള്‍, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം,മരണങ്ങള്‍..എല്ലാ നിക്ഷേപകരും ജീവനക്കാരും അതിജീവനത്തിനായി പൊരുതുന്നു. ഒരു വ്യവസായം എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ വഴിയുണ്ട്. അത് ഒന്നിച്ച് എന്നതാണ്. ഇത് നാര്‍സിസ്റ്റുകള്‍ പറ്റിയ ഇടമല്ല. അതുകൊണ്ട് സമയത്തിനായി കാത്തിരിക്കൂ…ഈ പരീക്ഷണ സമയത്ത് ജീവിക്കാന്‍ ശ്രമിക്കു…കല സൃഷ്ടിക്കുന്നതിനും ആളുകളെ രസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും
ജോലി ചെയ്യുക എന്നത് മനുഷ്യന്റെ പ്രവൃത്തിയാണ്.
സൃഷ്ടിക്കുക എന്നത് ദൈവത്തിന്റെയും
അങ്ങോട്ട് നല്‍കുമ്പോഴേ ബഹുമാനം തിരിച്ചു കിട്ടൂ
പരാജിതരുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്
കണ്ണടയ്ക്കുന്ന സമയത്തിനുള്ളിലാണ് ജയവും പരാജയവും സംഭവിക്കുന്നത്,
ഞങ്ങള്‍ ബിസിനസുകാരാണ്, ഞങ്ങളുടെ മുന്‍ഗണനകള്‍ എല്ലാറ്റിനുമുപരിയായി വരുന്നു …
അടികുറിപ്പ് : അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളര്‍ത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ !?