ഇന്ദ്രന്‍സ് തുന്നിയ ഷര്‍ട്ടിന്റെ ചൂടേറ്റ് അന്ത്യ വിശ്രമം കൊള്ളുന്ന സുരേഷ് ഗോപിയുടെ മകള്‍,ഇന്ദ്രന്‍സിനോടുള്ള സ്‌നേഹം തുറന്നുപറഞ്ഞ് താരം
കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേതാവും രാഷ്ട്രീയ നേതാവുമായി വെട്ടിത്തിളങ്ങി നില്‍ക്കുന്ന നടന്‍ സുരേഷ് ഗോപിയുടെ 61 ജന്‍മദിനം ഏറെ ആഘോഷത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.കൂടെ അഭിനയിച്ച താരങ്ങളും പ്രധാനവ്യക്തിത്വങ്ങളുമൊക്കെ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
സുരേഷ് ഗോപിയേക്കുറിച്ചുള്ള രസകരവും ഊഷ്മളവുമായ ഓര്‍മ്മകള്‍ നിരവധിപേര്‍ പങ്കുവെയ്ക്കുകയും ചെയ്തു. നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.മരിച്ചു പോയ തന്റെ മകളെക്കുറിച്ചും മഞ്ഞ നിറത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും ആണ് താരം വിഡിയോയില്‍ പറയുന്നത്.
‘ഉത്സവമേളം എന്ന ചിത്രത്തില്‍ വളരെ കളര്‍ഫുള്‍ ആയ വസ്ത്രങ്ങള്‍ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തില്‍ മഞ്ഞയില്‍ നേര്‍ത്ത വരകളുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവര്‍ ‘മഞ്ഞന്‍’ എന്നാണ് വിളിച്ചിരുന്നത്. ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോല്‍ തന്നെ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷര്‍ട്ട് ഇന്ദ്രന്‍സ് എനിക്ക് പൊതിഞ്ഞ് തന്നു. അത് ഇടക്കിടക്ക് ഇടുമായിരുന്നു.’സുരേഷ് ഗോപി പറഞ്ഞു.
‘1992 ജൂണ്‍ 6 ന് മകളെയും ഭാര്യയെയും അനിയനെ ഏല്‍പിച്ച് തിരിച്ചുപോകുമ്പോളാണ്.. പിന്നെ മകളില്ല. അന്നവള്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. തിരിച്ചെത്തി, ഹോസ്പിറ്റലില്‍ എന്റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയര്‍പ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാന്‍, അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുന്‍പ്, ആ മഞ്ഞ ഷര്‍ട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്റെ ചൂടേറ്റാണ് എന്റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് സ്‌നേഹം’ സുരേഷ് ഗോപി പറഞ്ഞു.