പാട്ന:ഇടി മിന്നലേറ്റ് യു.പി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മരിച്ചവരുടെ എണ്ണം 107 ആയി ഉയർന്നു.ബിഹാറില്‍ 83 പേര്‍ മരിച്ചപ്പോള്‍ യു.പിയില്‍ 24 പേരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സര്‍ക്കാര്‍ കണക്ക് പുറത്തുവിട്ടത്. എന്നാല്‍, മരണങ്ങള്‍ സംഭവിച്ചത് എങ്ങനെയാണെന്ന് പൂര്‍ണമായി വ്യക്തമാക്കിയിട്ടില്ല. ബീഹാറിൽ മുപ്പതോളംപേര്‍ക്ക് പൊള്ളലേറ്റു. കഗാരിയ ജില്ലയില്‍ ഒരു ഡസനിലേറെ കന്നുകാലികളും ഇടിവെട്ടേറ്റു ചത്തു.
പാടത്ത് ജോലി ചെയ്യുന്നതിനിടെ ബിഹാറില്‍ നിരവധി പേര്‍ മിന്നലേറ്റ് മരണപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു. ജില്ല തിരിച്ചുള്ള മരണസംഖ്യയും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് ഗോപാല്‍ഗഞ്ച് ജില്ലയിലാണ്. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലും ഇടിമിന്നലില്‍ നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ട്.സംസ്‌ഥാന സര്‍ക്കാരുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ട്വീറ്റില്‍ പറയുന്നു.
ഗോപാല്‍ഗഞ്ചില്‍ 13, മധുബാനിയിലും നവാഡയിലും എട്ടുവീതം, സിവാന്‍, ബഗല്‍പുര്‍- ആറുവീതം, കിഴക്കന്‍ ചംപാരണ്‍, ധര്‍ബംഗ- അഞ്ചുവീതം, ഖഗാരിയ, ഔറംഗബാദ്- മൂന്നുപേര്‍ വീതം എന്നിങ്ങനെയാണ് കൂട്ടമരണങ്ങളുടെ കണക്ക്. ഗോപാല്‍ഗഞ്ചില്‍ മരിച്ച 13 പേരും കര്‍ഷകരാണ്. പരിക്കേറ്റ് 50 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വീടുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും മറ്റും നാശമുണ്ടായി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.