വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി പൂർത്തീകരിക്കണം, അനിൽ അക്കര എംഎൽഎ ഹൈക്കോടതിയിൽ

കൊച്ചി:കരാർ ഇടപാടുകളുമായി ബന്ധപ്പെട്ട് വിവാദത്തിലായ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ ഹൈക്കോടതിയിൽ. ലൈഫ് മിഷൻ ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ സാഹചര്യത്തിൽ നിർമാണം തടസപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എംഎൽഎ കോടതിയെ സമീപിച്ചത്. പദ്ധതി ഉപേക്ഷിച്ചതായി കരാറുകാരായ യൂണിടാക് അടുത്തയിടെ അറിയിച്ചിരുന്നു.

ഏറെ വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ കേസ് എടുത്തത് സ്ഥലം എംഎൽഎ കൂടിയായ അനിൽ അക്കരയുടെ പരാതിയിലായിരുന്നു. കരാറുകാരായ യുണിടാക്കിന്റെ മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ, സെയ്ൻ വെഞ്ച്വേർസ്, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലൈഫ് മിഷൻ പദ്ധതി കരാറുമായി ബന്ധപ്പെട്ട് സ്വർണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ കുടുങ്ങിയതും ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക കേസുകളുമായി ബന്ധപ്പെട്ടാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News