FeaturedInternationalNews

ജോർജിയ കീഴടക്കി ബൈഡൻ,പരാജയത്തിലേക്ക് കൂപ്പുകുത്തി ട്രംപ്

വാഷിങ്ടൺ: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ കോട്ടയടക്കം തകർത്ത് ജോ ബൈഡന്റെ മുന്നേറ്റം. അവസാന ലാപ്പിൽ റിപ്പബ്ലിക്കൻസിന്റെ ഉറച്ച സംസ്ഥാനമായ ജോർജിയ കീഴടക്കിയ ബൈഡൻ ഒടുവിൽ വിവരം കിട്ടുമ്പോൾ പെൻസിൽവാനിയയിലും ലീഡുയർത്തി മുന്നേറുകയാണ്. നിലവിൽ 264 ഇലക്ടറൽ സീറ്റ് ലഭിച്ച ബൈഡൻ ഇപ്പോൾ നെവാദ, ജോർജിയ, പെൻസിൽവാനിയ എന്നിവിടങ്ങളിലായി 42 ഇലക്ടറൽ വോട്ടുകൾ കൂടി ഉറപ്പിച്ചു.

പ്രസിഡന്റ് സ്ഥാനത്തെത്താൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകളാണ്. ലീഡ് നിലനിർത്തിയാൽ ബൈഡന് 306 ഇലക്ടറൽ വോട്ടുകളാവും ലഭിക്കുക. ജോർജിയയിൽ 99 ശതമാനം വോട്ടെണ്ണി കഴിഞ്ഞു. 16 ഇലക്ടറൽ വോട്ടുകളാണ് ഇവിടെയുള്ളത്. ബൈഡന് 2449582 വോട്ടും ട്രംപിന് 2448485 വോട്ടുമാണ് ലഭിച്ചത്. നേരിയ വോട്ട് വ്യത്യാസമായതിനാൽ ഇവിടെ വീണ്ടും വോട്ടെണ്ണേണ്ടി വന്നേക്കാം.

നെവാദയിൽ 84 ശതമാനം വോട്ടെണ്ണിയപ്പോൾ ബൈഡന് 604251 വോട്ടും ട്രംപിന് 592813 വോട്ടുമാണ് ലഭിച്ചത്. ആറ് ഇലക്ടറൽ വോട്ടുകളാണ് ഇവിടെയുള്ളത്. പെൻസിൽവാനിയയിൽ 98 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞു. 3295327 വോട്ട് ബൈഡന് ലഭിച്ചു. 3289731 വോട്ട് ട്രംപിനും ലഭിച്ചു. ലീഡ് നിലനിർത്തിയാൽ ഇവിടെയുള്ള 20 ഇലക്ടറൽ വോട്ടും ബൈഡന് ലഭിക്കും.

നോർത്ത് കരോലിനയിൽ മാത്രമാണ് ട്രംപ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ഇവിടെയുള്ള 15 ഇലക്ടറൽ വോട്ടുകൾ കിട്ടിയാലും ട്രംപിന് 229 ഇലക്ടറൽ വോട്ടുകൾ മാത്രമേ ആകെ ലഭിക്കൂ. ട്രംപിന്റെ വാർത്താ സമ്മേളനം മാധ്യമങ്ങൾ പാതിയിൽ നിർത്തിയതടക്കം എല്ലാ കാര്യങ്ങളും ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റിന്റെ കസേരയിളകിയെന്ന സൂചന തന്നെയാണ്.

തപാൽ വോട്ടുകൾ ഇപ്പോഴും പല സംസ്ഥാനങ്ങളിലേക്കും വരുന്നുണ്ട്. ഇത് ബൈഡൻ പക്ഷത്തിന് തന്നെയാണ് കരുത്തേകുന്നത്. ജോർജിയക്ക് പുറമെ റിപ്പബ്ലിക്കൻ ക്യാംപിനെ ഞെട്ടിച്ചിരിക്കുകയാണ് അരിസോണയും. ഇതും റിപ്പബ്ലിക്കൻസിന്റെ കോട്ടയായാണ് അറിയപ്പെട്ടത്. 11 ഇലക്ടറൽ വോട്ടുകൾ ഉള്ള അരിസോണയിൽ ആദ്യം മുതൽ ബൈഡനാണ് ലീഡ് ചെയ്തത്. ഇവിടെ ബൈഡൻ ജയിക്കും എന്നാണ് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ഉറപ്പിച്ചു പറയുന്നത്. റിപ്പബ്ളിക്കൻ പാർട്ടിയോട് ചായ്‌വ് കാണിക്കുന്ന ഫോക്സ് ന്യൂസും ബൈഡൻ ജയിക്കും എന്നാണ് പ്രവചിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker