വനിതാ ഹോസ്റ്റലില്‍ പുള്ളിപ്പുലി! മരണത്തെ മുഖാമുഖം കണ്ട് 15 പെണ്‍കുട്ടികള്‍

ഗുവാഹത്തി: വനിതാ ഹോസ്റ്റലില്‍ കയറിയ പുള്ളിപ്പുലിയെ ഒടുവില്‍ മയക്കുവെടി വച്ച് പിടികൂടി. ഗുവാഹത്തിയിലെ ബെങ്കേരരാബാരിയിലുള്ള വനിതാ ഹോസ്റ്റലില്‍ ഇന്നലെയാണ് സംഭവം. ഹോസ്റ്റലിനുള്ളില്‍ കടന്ന പുള്ളിപുലി സോഫയുടെ അടിയില്‍ കയറി ഇരിക്കുകയായിരുന്നു.

ഇതിനിടെ സോഫയില്‍ നിന്നു വസ്ത്രങ്ങള്‍ എടുക്കാനെത്തിയ പെണ്‍കുട്ടി തഴെ പോയ തുണിയെന്നു കരുതി എടുക്കാന്‍ ശ്രമിക്കവേയാണ് പുലിയെ കണ്ടത്. 15 പെണ്‍കുട്ടികളാണ് ഈ സമയം ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. പുലിയെ കണ്ടു പെണ്‍കുട്ടികള്‍ നിലവിളിക്കുകയും വേഗം തന്നെ മറ്റൊരു മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയുമായിരുന്നു.

വിവരം അറിഞ്ഞ ഉടനെ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മയക്കു വെടിവെച്ചു പിടികൂടാന്‍ തീരുമാനിച്ചു. വെടിയേറ്റ പുലി സമീപത്തെ കെട്ടിടത്തിലേക്ക് ചാടാനും ശ്രമം നടത്തി. തുടര്‍ന്ന് പിടികൂടിയ പുലിയെ അസാമിലെ സംസ്ഥാന മൃഗശാലയിലേക്ക് മാറ്റി. പുലിയെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കാട്ടില്‍ തുറന്നുവിടാനാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News