പാലക്കാട്: ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശിയായ യുവാവും നാഗാലാന്‍ഡുകാരിയായ യുവതിയുമാണ് പിടിയിലായത്. പാലക്കാട് സൈബര്‍ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് രൂപയാണ് ഇരുവരും ചേര്‍ന്ന് പലരില്‍ നിന്നായി തട്ടിയെടുത്തത്.
വിദേശത്ത് താമസിക്കുന്നവരാണ് തങ്ങളെന്ന് വിശ്വസിപ്പിച്ച് ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും പണം തട്ടുകയുമാണ് ഇവരുടെ രീതി. യുവതിയുടെ ഫോട്ടോയും പേരും വെച്ച് ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കി സൗഹൃദം സ്ഥാപിക്കുന്നവരോട് സമ്മാനവും പണവും കൊറിയര്‍ വഴി അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ശേഷം വിമാനത്താവളത്തിലെ കസ്റ്റംസ് ചാര്‍ജ് മറ്റ് നികുതികള്‍ തുടങ്ങിയവയുടെ പേര് പറഞ്ഞ് പണം തട്ടുകയുമാണ് ചെയ്യുന്നത്.
നാണക്കേട് ഭയന്ന് ആരും പരാതിപ്പെടാന്‍ തയ്യാറായില്ല. എന്നാല്‍ കഞ്ചിക്കോട് ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ അഞ്ച് ലക്ഷത്തോളം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് പരാതി നല്‍കിയതോടെയാണ് ഇവരെ കുടുക്കാന്‍ പോലീസ് തീരുമാനിച്ചത്. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങുന്നത്. ഇവരുടെ ഇന്റര്‍നെറ്റ് ഉപയോഗവും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.