യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞപ്പോള്‍ പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ ക്യത്യമായി വീണു; എം സ്വരാജ് രണ്ടായിരത്തില്‍ താഴെ വോട്ടിന് ജയിക്കുമെന്ന് എല്‍ഡിഎഫ്; പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: നിലമ്പൂരില്‍, രണ്ടാഴ്ച പൊടിപൂരമായ പ്രചാരണത്തിന്റെ ചൂടേറി നിന്നത് കൊണ്ട് വോട്ടെടുപ്പ് നാളില്‍ പെയ്ത കനത്ത മഴയും വോട്ടര്‍മാരുടെ ആവേശത്തെ തണുപ്പിച്ചില്ല. 75.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതോടെ മുന്നണികള്‍ വിജയപ്രതീക്ഷ പ്രകടിപ്പിക്കുന്നു. തങ്ങളുടെ സ്ഥാനാര്‍ഥി എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. രണ്ടായിരത്തില്‍ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണക്കുകൂട്ടല്‍.

നിലമ്പൂര്‍ നഗരസഭയിലും പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകളിലും എല്‍.ഡി.എഫാണ് ഭരിക്കുന്നത്. വഴിക്കടവ്, ചുങ്കത്തറ, എടക്കര, മൂത്തേടം, കരുളായി എന്നിവിടങ്ങളില്‍ യുഡിഎഫും. ഇതില്‍ അമരമ്പലത്ത് എല്‍.ഡി.എഫിനും മൂത്തേടത്ത് യുഡിഎഫിനും സ്ഥിരമായി വലിയ ഭൂരിപക്ഷം ലഭിക്കാറുണ്ട്. പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടുമെന്നുമാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്. ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

നിലമ്പൂരില്‍ മാറ്റം പ്രകടമായിരുന്നു എന്നും ഭരണവിരുദ്ധ വികാരം ഒട്ടും ഇല്ലെന്നുമാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. വഴിക്കടവില്‍ നിന്നും ചുങ്കത്തറയില്‍ നിന്നും യുഡിഎഫ് വോട്ടുകള്‍ പിവി അന്‍വര്‍ നേടാം. യുഡിഎഫിന്റെ വോട്ടുകള്‍ കുറയുകയും സിപിഎം കേഡര്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ വിജയം ഉറപ്പെന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം. എല്‍ഡിഎഫ്, യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വഴിക്കടവ്, പോത്തുകല്ല്, അമരമ്പലം, എടക്കര മേഖലകളിലാണ് പിവി അന്‍വറിന്റെ പ്രചാരണം കൂടുതലും കേന്ദ്രീകരിച്ചത്

പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് വിലയിരുത്തല്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ മത്സരിച്ചത് ഗുണം ചെയ്‌തെന്നും ഇതിലൂടെ പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഇടത് മുന്നണിക്ക് നേട്ടമായി. മതനിരപേക്ഷ ചിന്തയുള്ള സംഘടനകള്‍ ഇടതുമുന്നണിക്കൊപ്പം നിന്നെന്നും വിലയിരുത്തലുണ്ട്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന്നത് രാഷ്ട്രീയ പോരാട്ടമാണ്. യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങള്‍ മണ്ഡലത്തില്‍ തുറന്നുകാട്ടാന്‍ സിപിഎമ്മിനും എല്‍ഡിഎഫിനും സാധിച്ചു. വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ യുഡിഎഫ് ശ്രമിച്ചു. അവയെ ജനം തള്ളി. ഇടത് സ്ഥാനാര്‍ത്ഥിക്ക് തുടക്കം മുതല്‍ വലിയ സ്വീകാര്യത ലഭിച്ചു. വലിയ വിജയം എം സ്വരാജിന് നേടാനാകും. ഫലം വന്നാല്‍ യുഡിഎഫിനകത്ത് വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News