ലോ അക്കാദമി അധ്യാപകൻ കോളജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ

തിരുവനന്തപുരം:പേരൂർക്കട ലോ അക്കാദമി ലോ കോളജിലെ അധ്യാപകൻ കോളജ് ഗ്രൗണ്ടിൽ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ. കോട്ടയം സ്വദേശി സുനിൽകുമാർ(45)ആണു മരിച്ചത്. പേരൂർക്കടയിലെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ 10 വർഷമായി അക്കാദമിയിലെ അധ്യാപകനാണ്. കോളജിൽ ഇന്നു രാവിലെ മുതൽ നടന്ന ഓണാഘോഷത്തിനു പിന്നാലെയാണു സംഭവം. ഓണാഘോഷ പരിപാടികളിൽ ഇദ്ദേഹം സജീവമായിരുന്നതായി വിദ്യാർഥികൾ പറഞ്ഞു.

ആത്മഹത്യയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം, കാരണം വ്യക്തമല്ല. പെട്രോളൊഴിച്ചാണ് തീകൊളുത്തിയത്. കോളജ് ഗ്രൗണ്ടിൽ നിന്നും അൽപ്പം മാറി ആളൊഴിഞ്ഞ സ്ഥലത്താണ് സുനിൽകുമാറിനെ കണ്ടെത്തിയത്. കോളജിലെ ജീവനക്കാർ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ വിദ്യാർഥികളാരും തന്നെ ഈ പരിസരത്തുണ്ടായിരുന്നില്ല. മരണത്തെക്കുറിച്ച് സൂചിപ്പിച്ച് 2 ദിവസം മുൻപ് ഇദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റുകളിട്ടിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News