ഭീരു, വഞ്ചകൻ…. അഷ്‌റഫ് ഗനിയെ അറസ്റ്റു ചെയ്യണമെന്ന് ഇന്റര്‍പോളിനോട് താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസി
കാബൂൾ:അഫ്ഗാനിസ്താൻ മുൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ അറസ്റ്റു ചെയ്യണമെന്ന് ഇന്റർപോളിനോട് അഭ്യർഥിച്ച് താജിക്കിസ്താനിലെ അഫ്ഗാൻ എംബസി. ഗനിക്ക് പുറമെ അഫ്ഗാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹംദുള്ള മോഹിബ്, ഗനിയുടെ ഉപദേഷ്ടാവ് ഫസെൽ മഹ്മൂദ് എന്നിവരെയും അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം.
സർക്കാർ ഖജനാവിൽനിന്ന് മോഷണം നടത്തിയെന്ന ആരോപണമാണ് ഇവർക്കെതിരേ ഉള്ളത്. ഗനി അടക്കമുള്ളവർ മോഷ്ടിച്ച തുക രാജ്യാന്തര ട്രൈബ്യൂണലിനെ ഏൽപ്പിക്കണമെന്നും ജനങ്ങളുടെ പണം തിരികെ ലഭിക്കാൻ വഴിയൊരുക്കണമെന്നും താജിക്കിസ്താനിലെ അഫ്ഗാൻ എംബസി ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെയാണ് പ്രസിഡന്റ് ഗനി രാജ്യംവിട്ടത്. അദ്ദേഹത്തിന് അഭയം നൽകാൻ താജിക്കിസ്താൻ വിസമ്മതിച്ചതോടെ അദ്ദേഹം ഒമാനിൽ എത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അദ്ദേഹം ഉസ്ബെക്കിസ്താനിൽ എത്തിയെന്ന മാധ്യമ റിപ്പോർട്ടുകളും ഉണ്ട്.
എന്നാൽ ഗനി എവിടെയാണെന്ന കൃത്യമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. അദ്ദേഹം നാല് കാറുകളിൽ എത്തിച്ച പണവുമായാണ് ഹെലിക്കോപ്റ്ററിൽ രാജ്യംവിട്ടതെന്ന് കാബൂളിലെ റഷ്യൻ എംബസി വൃത്തങ്ങൾ പറഞ്ഞിരുന്നു. പണം മുഴുവൻ ഹെലിക്കോപ്റ്ററിൽ ഒപ്പം കൊണ്ടുപോകാൻ കഴിയാതിരുന്നതിനാൽ കുറച്ച് പണം ഉപേക്ഷിച്ചുവെന്നും റഷ്യൻ എംബസി വെളിപ്പെടുത്തിയിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ഗനി രാജ്യംവിട്ട നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നുവെങ്കിലും രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.
അഫ്ഗാനിസ്താന്റെ 14-ാമത്തെ പ്രസിഡന്റാണ് ഗനി. 2014 സെപ്റ്റംബർ 20 നാണ് അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2019 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 2001 വരെ അഫ്ഗാനിസ്താൻ ഭരിച്ച താലിബാനാണ് വീണ്ടും ഭരണം പിടിച്ചെടുത്തിട്ടുള്ളത്. സെപ്റ്റംബർ 11 ആക്രമണത്തിന് പിന്നാലെ 2001 ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ അധികാരത്തിൽനിന്ന് പുറത്താക്കുകയായിരുന്നു. അമേരിക്കൻ സൈന്യം അഫ്ഗാനിസ്താനിൽനിന്ന് പിന്മാറിയതോടെ അവർ വീണ്ടും അധികാരം പിടിച്ചെടുത്തു.
അഫ്ഗാനിസ്ഥാൻ താലിബാൻ കയ്യടക്കിയതോടെ രാജ്യം വിടേണ്ടിവന്ന പ്രസിഡന്റ് അഷ്റഫ് ഗനിയുടെ പ്രതിച്ഛായ ഇപ്പോൾ ഒരു ഭീരുവിനു സമാനം. അന്താരാഷ്ട്ര മാധ്യമങ്ങളും ലോകനേതാക്കളും താലിബാൻതന്നെയും ഗനിയെ വിശേഷിപ്പിക്കുന്നത് ഭീരുവും വില്ലനുമായാണ്. ഒരു പടി കൂടി കടന്ന്, താലിബാൻ അദ്ദേഹത്തെ വഞ്ചകനാക്കി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ ഉപേക്ഷിച്ച ചതിയനായി രാജ്യത്തെ വലിയൊരു വിഭാഗവും അദ്ദേഹത്തെ കാണുന്നു.
ദിവസങ്ങളോളം നീണ്ട സംഘർഷങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ശേഷം താലിബാൻ അഫ്ഗാന്റെ നിയന്ത്രണം കരസ്ഥമാക്കിയതോടെ തലനാരിഴയ്ക്ക് രാജ്യം വിടുകയായിരുന്നു ഗനി. ഒരിക്കലും രാജ്യം വിടില്ലെന്നും സുരക്ഷിത താവളം തേടില്ലെന്നുമുള്ള മുൻ വാഗ്ദാനങ്ങൾക്ക് വിരുദ്ധമായിരുന്നു സ്വയരക്ഷ തേടിയുള്ള ഗനിയുടെ പലായനം. അഫ്ഗാൻ സെൻട്രൽ ബാങ്ക് അധ്യക്ഷനും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും രൂക്ഷവിമർശനമാണ് ഗനിക്കെതിരെ നടത്തിവരുന്നത്.
രാജ്യം താലിബാന് കീഴടങ്ങിയതോടെ ഞായറാഴ്ച രാജ്യം വിട്ടോടിയ അഷ്റഫ് ഗനി ഇപ്പോൾ എവിടെയാണെന്നുള്ളത് രഹസ്യമാണ്. താജിക്കിസ്താനിലേക്ക് കടന്നതായാണ് ആദ്യം റിപ്പോർട്ട് വന്നത്. പിന്നീട് ഒമാനിലെത്തിയെന്നും ഇപ്പോൾ അബുദാബിയിൽ അഭയം പ്രാപിച്ചുവെന്നുമാണ് പറയപ്പെടുന്നത്. നാല് കാറുകളും ഒരു ഹെലികോപ്ടർ നിറയെ പണവുമായിട്ടാണ് ഗനി രാജ്യം വിട്ടതെന്ന് റഷ്യ പറയുന്നു.
2014-ൽ പ്രസിഡന്റാകുന്നതിനുമുമ്പ്, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ട രാജ്യങ്ങളുടെ വളർച്ച എങ്ങനെ യാഥാർഥ്യമാക്കാമെന്ന് പഠിക്കുകയായിരുന്നു ഗനി. കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഫുൾബ്രൈറ്റ് സ്കോളറായ ഗനി, ലോകബാങ്കിലും ഐക്യരാഷ്ട്രസഭയിലും ജോലിചെയ്തു. അതിനുമുമ്പ് അമേരിക്കയിലെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിച്ചു.
കാൽ നൂറ്റാണ്ടിന് ശേഷം, 2001-ൽ അഫ്ഗാനിലേക്കുള്ള യു.എസിന്റെ അധിനിവേശത്തിന് പിന്നാലെ അഷ്റഫ് ഗനി അഫ്ഗാനിസ്താനിൽ തിരിച്ചെത്തി. തുടർന്ന് ഹമീദ് കർസായി സർക്കാരിൽ രണ്ടു വർഷത്തോളം ധനകാര്യമന്ത്രിയായി. ക്രമേണ ഗനി അന്താരാഷ്ട്ര സമൂഹത്തിന് പ്രിയങ്കരനായി മാറി. ‘ടെഡ് ടോക്ക്’ നൽകുകയും പ്രമുഖ പത്രങ്ങളിൽ ‘ഒപ്-എഡു’കൾ എഴുതുകയും അന്താരാഷ്ട്ര കോൺഫറൻസുകളിൽ സംസാരിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ അദ്ദേഹത്തെ യു.എൻ. സെക്രട്ടറി ജനറൽ സ്ഥാനാർത്ഥിയായും പരിഗണിച്ചിരുന്നു
2009-ൽ പ്രസിഡന്റ് സ്ഥാനത്തേക്കെത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഗനി, ഏറെ സ്വാധീനമുള്ള അബ്ദുൾ റാഷിദ് ദോസ്തൂം ഉൾപ്പെടെ പ്രമുഖ അഫ്ഗാൻ രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിച്ചു. അഞ്ചു വർഷത്തിന് ശേഷം ഗനി പ്രസിഡന്റായും അബ്ദുൾ റാഷിദ് ദോസ്തൂം വൈസ് പ്രസിഡന്റായും അധികാരത്തിലെത്തി.
എന്നാൽ, അദ്ദേഹത്തിന്റെ വിജയം തുടക്കത്തിൽത്തന്നെ അട്ടിമറിക്കപ്പെട്ടു. അമേരിക്കയിലെ ഉന്നത നയതന്ത്രജ്ഞനായ ജോൺ കെറി കാബൂളിലേക്ക് പറന്നു. ഗനിയുടെ ഒരു പ്രധാന എതിരാളിയെ ചീഫ് എക്സിക്യൂട്ടീവായി നിയമിച്ചു. യു.എസ്. മാതൃകയിലുള്ള അഫ്ഗാനിസ്ഥാനിലെ ഭരണഘടനയിൽ എവിടെയും കാണാത്ത ഒരു പദവിയായിരുന്നു അത്.
ഭൂമിയിലെ ഏറ്റവും മോശം ജോലിയാണ് താൻ ചെയ്യുന്നതെന്ന് 2017-ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അഷ്റഫ് ഗനി പറഞ്ഞിരുന്നു. അഫ്ഗാൻ സുരക്ഷാ സേന താലിബാനെ പരിധിയിലാക്കിയിട്ടുണ്ടെന്നും 2021-ഓടെ സഖ്യസേനക്ക് രാജ്യം വിടാമെന്നും ഗനി ഈ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു.
എന്നാൽ, കാര്യങ്ങൾ നടന്നത് അദ്ദേഹം പ്രവചിച്ചപോലെ ആയിരുന്നില്ല. യു.എസ്. പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് താലിബാനുമായി നേരിട്ട് ചർച്ച നടത്തുകയും അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ ചർച്ചകളിൽനിന്ന് ഗനിയെ മാറ്റിനിർത്തി.
ജോ ബൈഡൻ അധികാരമേറ്റതിന് പിന്നാലെ അഫ്ഗാനിൽനിന്നുള്ള സൈനിക പിൻമാറ്റത്തിന്റെ അന്തിമ തീയതി ഓഗസ്റ്റ് 31 ആയി കുറിച്ചു. ഇതിനു പിന്നാലെ താലിബാൻ മുന്നേറ്റം ആരംഭിച്ചപ്പോഴും ഭരണത്തിൽനിന്ന് മാറിനിൽക്കാനോ ഒരു താൽക്കാലിക സർക്കാരിനെ അധികാരമേൽപ്പിക്കാനോ ഗനി തയ്യാറായില്ല.
‘സമാധാനപ്രിയനാണെന്ന് ഗനി നടിക്കുകയായിരുന്നു. വാസ്തവത്തിൽ, അയാൾ യുദ്ധത്തിന് അനുകൂലമായിരുന്നു. ജീവൻ നഷ്ടപ്പെട്ടാലും അധികാരത്തിൽ തുടരാനും താലിബാനെ സൈനിക നടപടികളിലേക്ക് തിരികെ കൊണ്ടുവരാനും പ്രേരിപ്പിച്ചത് അതാണ്,’ യൂറോപ്പിലെ മുൻ അഫ്ഗാൻ അംബാസഡർ ഒമർ സമദ് പറഞ്ഞു.
താലിബാൻ കാബൂൾ പിടിക്കുന്നതിന്റെ ഒരാഴ്ച മുമ്പും ഗനി പറഞ്ഞത് താൻ രാജ്യം വിടില്ലെന്നാണ്. രാജ്യം വിടുന്നതിന് പത്ത് ദിവസം മുൻപ്, ഓഗസ്റ്റ് നാലിന് കാബൂളിൽ നടന്ന ഒരു പരിപാടിയിൽ ഗനി ജനങ്ങളോട് പ്രഖ്യാപിച്ചു- ‘ഞാൻ ഒളിച്ചോടില്ല. ഞാനൊരു സുരക്ഷിത താവളം തേടില്ല. ജനങ്ങളെ സേവിക്കും’.
എന്നാൽ, താലിബാൻ കാബൂളിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഗനി രാജ്യം വിട്ടു. രാജ്യം വിടുന്നതിന്റെ തൊട്ടുമുമ്പായി ജനങ്ങൾക്ക് ഒരു ടെലിഫോൺ ഹെൽപ്ലൈൻ സ്ഥാപിക്കണമെന്ന് ഗനി പ്രതിരോധ മന്ത്രാലയത്തിന് ഉത്തരവ് നൽകിയിരുന്നു.
രാജ്യം വിട്ടതിന് പിന്നാലെ ഗനിയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്നായിരുന്നു വിശദീകരണം. ഇത് അദ്ദേഹത്തിന്റെ മന്ത്രിസഭയിലുള്ളവരെയടക്കം പ്രകോപിപ്പിച്ചു.
‘അവർ ഞങ്ങളുടെ കൈകൾ പിന്നിലേക്ക് കെട്ടി രാജ്യം വിറ്റു,’ അഫ്ഗാനിസ്താൻ ആക്ടിങ് പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മദലി ട്വിറ്ററിൽ കുറിച്ചു. ഗനിക്കും അദ്ദേഹത്തിന്റെ സംഘത്തിനും നാശമെന്ന് അദ്ദേഹം ശപിക്കുകയും ചെയ്തു.
ഇതിനിടെ, ദോഹയിൽ മുൻ പ്രസിഡന്റ് ഹമീദ് കർസായിയും മറ്റ് അഫ്ഗാൻ രാഷ്ട്രീയ നേതാക്കളും പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയാണ്. അഷ്റഫ് ഗനി സ്വന്തം രാജ്യത്തേയും സംഘത്തേയും ഗോത്രത്തേയും വഞ്ചിച്ചുവെന്ന് താലിബാൻ വാക്താക്കളിലൊരാൾ പറഞ്ഞു. രാജ്യദ്രോഹം എപ്പോഴും ഓർമിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.